കർണാടക ബിജെപിയുടെ വിവാദ വീഡിയോ നീക്കം ചെയ്യാൻ എക്‌സിനോട് നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ബെംഗളൂരു: കർണാടകയിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ബിജെപി എക്‌സ് ഹാൻഡിലിലെ വീഡിയോയിൽ ഒടുവിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വീഡിയോ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ എക്‌സിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ കോൺഗ്രസ് പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് കമ്മീഷന്റെ ഇടപെടൽ.
നേരത്തെ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടും ബിജെപി അതിന് തയ്യാറായിരുന്നില്ല. കർണാടകയിലെ പതിനാല് സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കെയാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കർണാടക പോലീസ് നേരത്തെ കേസെടുത്ത് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.

നാട്ടിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ അപകീർത്തികരമായ ഉള്ളടക്കം പോസ്‌റ്റ് ചെയ്‌തതിന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയ്‌ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ പരാതിയിൽ തുടക്കത്തിൽ കമ്മീഷൻ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.
സംവരണത്തിലും മറ്റ് ഫണ്ട് വിനിയോഗത്തിലും പിന്നാക്ക വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതിപക്ഷ പാർട്ടി മുസ്ലീങ്ങൾക്ക് കൂടുതൽ അനുകൂലമായി നടപടി എടുക്കുന്നു എന്ന നിലയിലുള്ള വീഡിയോ ആയിരുന്നു ബിജെപി എക്‌സ് ഹാൻഡിലിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കലാപമുണ്ടാക്കാനും ശത്രുത വളർത്താനും ബിജെപി ശ്രമിക്കുന്നു എന്ന് കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ മോശമായി ചിത്രീകരിച്ച കാർട്ടൂൺ വീഡിയോയിൽ മുസ്ലീം വിഭാഗത്തെയും തരംതാണ നിലയിലാണ് കാട്ടിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തി, മതസ്‌പർധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. എന്നാൽ ഈ വീഡിയോയിൽ വിവാദം ഉണ്ടായതിന് ശേഷവും അത് പിൻവലിക്കാൻ ബിജെപി തയ്യാറായിരുന്നില്ല. എന്ന് മാത്രമല്ല നാല് മില്യണിൽ അധികം കാഴ്‌ചക്കാരാണ് ഈ വീഡിയോക്ക് ഉണ്ടായിരുന്നത്.












Click it and Unblock the Notifications