'സെലക്‌ടീവ് ആവരുത്, എല്ലാ വിവരങ്ങളും പുറത്തുവിടണം'; സത്യവാങ്മൂലം നൽകാൻ എസ്‌ബിഐയോട് സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി. ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ എസ്ബിഐയോട് സുപ്രീം കോടതി ഇന്ന് നിർദ്ദേശിച്ചു. സീരിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറണമെന്നാണ് പരമോന്നത കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തിരിച്ചടിയായേക്കാവുന്ന വിശദാംശങ്ങളാണ് സുപ്രീം കോടതി പുറത്തുവിടാൻ ആവശ്യപ്പെട്ടത്. "നിങ്ങളുടെ കൈവശമുള്ള ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

എസ്ബിഐ പുറത്തുവിട്ട ഡാറ്റകൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ശക്തമായ നിപാടെടുത്തത്. വിശദാംശങ്ങളൊന്നും മറച്ചുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി വ്യാഴാഴ്‌ച വൈകീട്ട് അഞ്ചിനകം സത്യവാങ്മൂലം സമർപ്പിക്കാനും എസ്ബിഐ ചെയർമാനോട് കോടതി നിർദേശിച്ചിട്ടുണ്ട്. എസ്ബിഐ നൽകിയ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
"ഇലക്ട്രറൽ ബോണ്ട് നമ്പറുകളും ഉൾപ്പെടുന്ന എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. വെളിപ്പെടുത്തലിൽ എസ്ബിഐ സെലക്‌ടീവ് ആവാതിരിക്കണം. ഉത്തരവുകൾക്കായി കാത്തിരിക്കരുത്, എസ്ബിഐ കോടതിയോട് സത്യസന്ധവും നീതിയുക്തവുമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ കോടതി കഴിഞ്ഞ അഞ്ച് വർഷമായി നൽകിയ സംഭാവനകളുടെ എല്ലാ വിശദാംശങ്ങളും പുറത്തിവിടാൻ ബാങ്കിനോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് ഇലക്ട്രൽ ബോണ്ടുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നേരത്തെ എസ്ബിഐക്ക് നോട്ടീസും അയച്ചിരുന്നു.
ഈ വർഷം ഫെബ്രുവരി 15നാണ് സുപ്രീം കോടതി സുപ്രധാന വിധിയിലൂടെ ഇലക്ട്രറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുകയും സംഭാവനയുടെ വിശദാംശങ്ങള്‍ കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുകയും ചെയ്‌തത്. ഇലക്ട്രറൽ ബോണ്ട് പദ്ധതി തികച്ചും ഭരണഘടനാവിരുദ്ധമാണെന്നും അത് പൗരന്മാരുടെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി നിർണായക ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ ഡാറ്റകൾ എസ്‌ബിഐ തിരഞ്ഞെടുപ്പിന് കമ്മീഷന് കൈമാറി. 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയില്‍ 22,217 ഇലക്ട്രറല്‍ ബോണ്ടുകളാണ് ഇഷ്യൂ ചെയ്‌തതെന്നായിരുന്നു ഇതിൽ അറിയിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ 22,030 ബോണ്ടുകള്‍ പണമാക്കി മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പിആറാണ്. 1368 കോടിയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്.












Click it and Unblock the Notifications