'ഏഴര വർഷമായുളള കടുത്ത പീഡനത്തിനും പേടി സ്വപ്നത്തിനും അവസാനം', പ്രതികരിച്ച് ശശി തരൂർ
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന് ശശി തരൂര്‍. കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതിയോട് നന്ദി പറയുന്നുവെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കഴിഞ്ഞ ഏഴര വര്‍ഷമായി കടുത്ത പീഡനമാണ് താന്‍ അനുഭവിച്ചത് എന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങളും ക്ഷമയോടെ താന്‍ കേട്ട് നില്‍ക്കുകയായിരുന്നു. ഈ കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുളള തന്റെ വിശ്വാസം നിലനിര്‍ത്തുന്നതാണ് എന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഭാര്യ ആയിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ദുസ്വപ്‌നത്തിന് അവസാനമായിരിക്കുകയാണ് എന്നും തരൂര്‍ പറഞ്ഞു.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ
സുനന്ദ പുഷ്‌കര്‍ കേസിലെ വിധി ശശി തരൂര്‍ ഓണ്‍ലൈന്‍ വഴിയാണ് കേട്ടത്. ദില്ലി റോസ് അവന്യൂ കോടതിയാണ് സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് വിധി പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റം ആയിരുന്നു തിരുവനന്തപുരം എംപിയായ ശശി തരൂരിന് മേല്‍ ദില്ലി പോലീസ് ചുമത്തിയിരുന്നത്. എന്നാല്‍ ശശി തരൂരിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കാനുളള ശശി തരൂരിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

2014 ജനുവരി പതിനേഴിന് ദില്ലിയിലെ ആഢംബര ഹോട്ടലായ ലീലാ പാലസ് ഹോട്ടലില്‍ ആണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരും സുനന്ദ പുഷ്‌ക്കറും താമസിച്ചിരുന്ന 345ാം നമ്പര്‍ മുറിയില്‍ ആയിരുന്നു സുനന്ദ പുഷ്‌കര്‍ മരിച്ച് കിടന്നത്. സുനന്ദ പുഷ്‌കറിന്റെ മരണത്തിന് പിന്നില്‍ ശശി തരൂരിന് പങ്കുണ്ട് എന്നാണ് കേസ് അന്വേഷിച്ച ദില്ലി പോലീസ് 2018 മെയ് 15ന് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം കൂടാതെ ഗാര്‍ഹിക പീഡനക്കുറ്റവും ശശി തരൂരിന് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ തരൂരിന് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി തളളി. ദില്ലി അവന്യൂ കോടതി ജഡ്ജി ഗീതാംജ്ഞലി ഗോയലിന്റെതാണ് വിധി.
സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണ് എന്ന് തെളിയിക്കുന്നതില്‍ കേസ് അന്വേഷിച്ച ദില്ലി പോലീസ് പരാജയപ്പെട്ടതായി കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ശശി തരൂരിന് മേല്‍ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുകയുമില്ല. ശശി തരൂരിന് എതിരെ സുനന്ദ പുഷ്‌ക്കറിന്റെ കുടുംബാംഗങ്ങള്‍ ആരും തന്നെ പരാതി ഉന്നയിച്ചിട്ടില്ല എന്നുളള അദ്ദേഹത്തിന്റെ വാദവും കോടതി അംഗീകരിച്ചു. കോടതി വിധിക്കെതിരെ ദില്ലി പോലീസിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.
ഐപിഎല്‍ വിവാദങ്ങളിലൂടെയാണ് സുനന്ദ പുഷ്‌ക്കര്‍ എന്ന പേര് ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ ശശി തരൂരിന് യുപിഎ സര്‍ക്കാരിലെ സഹമന്ത്രി സ്ഥാനം നഷ്ടമായി. എന്നാല്‍ പ്രണയത്തിലായ ഇരുവരും 2010 ഓഗസ്റ്റ് 22ന് വിവാഹിതരായി. പാലക്കാട് ജി്ല്ലയിലെ തരൂരിന്റെ തറവാടായ മുണ്ടാരത്ത് തറവാട്ടില്‍ വെച്ചായിരുന്നു സുനന്ദ പുഷ്‌കറിനെ ശശി തരൂര്‍ ജീവിതസഖിയാക്കിയത്. ഇരുവരുടേയും മൂന്നാമത്തെ വിവാഹം ആയിരുന്നു അത്. കശ്മീരിലെ സോപോര്‍ സ്വദേശിനി ആയിരുന്നു സുനന്ദ പുഷ്‌ക്കര്‍. സുനന്ദയ്ക്ക് രണ്ടാമത്തെ വിവാഹത്തില്‍ ഒരു മകനുണ്ട്. ശശി തരൂരിന് സുനന്ദയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് കുട്ടികളുടെ അച്ഛനായിരുന്നു. സുനന്ദ പുഷ്‌ക്കറിന്റെ മരണം തരൂരിനെ വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കാണ് തള്ളിയിട്ടത്.












Click it and Unblock the Notifications