ഡിഎംകെയെ വിടാതെ ഇഡി; തമിഴ്‌നാട്ടില്‍ വീണ്ടും റെയ്ഡ്, മന്ത്രി പൊന്‍മുടിയുടെ വീട്ടില്‍ പരിശോധന
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ അടക്കം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍ വരുന്ന ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി എം കെ) രണ്ടാമത്തെ നേതാവാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി.
ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ 24 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബംഗളൂരുവില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിനിടെയാണ് റെയ്ഡ് നടപടികള്‍ ഇ ഡി ആരംഭിച്ചത്. പൊന്‍മുടിയുടെ ഔദ്യോഗിക വസതിയിലും വില്ലുപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും രാവിലെ ഏഴ് മണിയോടെ റെയ്ഡ് ആരംഭിച്ചു.

റെയ്ഡ് നടത്തുന്നതിന് മുമ്പ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എല്ലാ സ്വകാര്യ ജീവനക്കാരോടും പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഭൂമി കയ്യേറ്റ കേസിലും പൊന്‍മുടിയെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു. പൊന്‍മുടിയെ കൂടാതെ മറ്റ് ചില നേതാക്കളുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. പൊന്‍മുടിയുടെ മകന്‍ കള്ളക്കുറിച്ചി എം പി ഗൗതം സിഗമണിയുടെ വസതിയിലും പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഡി എം കെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ പൊന്‍മുടി എം കെ സ്റ്റാലിന്റെ വിശ്വസ്തനാണ്. 1989 മുതലുള്ള എല്ലാ ഡി എം കെ ഭരണത്തിലും അദ്ദേഹം സുപ്രധാന പദവി വഹിച്ചിട്ടുണ്ട്. എം കെ സ്റ്റാലിന്‍ നയിക്കുന്ന മന്ത്രി സഭയില്‍ അഞ്ചാം സ്ഥാനമാണ് പൊന്‍മുടിക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത മന്ത്രി വി സെന്തില്‍ ബാലാജി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഈ തിരിച്ചടികള്‍ക്കിടെയാണ് ഡി എം കെയെ പ്രതിസന്ധിയിലാക്കി വീണ്ടും ഇ ഡിയുടെ റെയ്ഡ്.
2012ല്‍ ഖനി,വിഭവ വകുപ്പ് മന്ത്രിയായിരിക്കെ മകനും ബന്ധുക്കള്‍ക്കും അനുകൂലമായി പൊന്‍മുടി ക്വാറി ലൈസന്‍സ് നേടിയെന്നാരോപിച്ചുള്ള കേസിലാണ് ഇപ്പോള്‍ ഇ ഡി റെയ്ഡ് നടത്തുന്നത്. മന്ത്രിയും ബന്ധുക്കളും 2.64 ലക്ഷം ലോഡ് അധിക ചെങ്കണല്‍ ഖനനം ചെയ്തുവെന്ന് ആരോപിച്ചുള്ള കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം വിസമ്മതിച്ചിരുന്നു.












Click it and Unblock the Notifications