ഡികെ ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യും; ചില കളികള്‍ നടക്കുന്നുവെന്ന് ഡികെ...
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ഇക്കാര്യം ഡികെ ശിവകുമാറും ശരിവച്ചു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമയം നോക്കൂ എന്ന് അദ്ദേഹം പ്രതികരിച്ചു.

അന്വേഷണ ഏജന്‍സിയുമായി സഹകരിക്കും. പക്ഷേ, ഭാരത് ജോഡോ യാത്രയും കര്‍ണാടക നിയമസഭാ സമ്മേളനവും നടക്കുന്ന വേളയിലാണ് നോട്ടീസ് വന്നിരിക്കുന്നത്. ഇതിന് പിന്നില്‍ ചിലരുടെ നീക്കമുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. ഇഡി തന്നെ നിരന്തരം പീഡിപ്പിക്കുകയാണ്. രാഷ്ട്രീയമായ ചില ഉത്തരവാദിത്തങ്ങള്‍ തനിക്ക് നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നും ഡികെ പ്രതികരിച്ചു.
ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് എത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ കര്‍ണാടക ഭവന്‍ ജീവനക്കാരന്‍ ഹോമന്‍തയ്യ, മറ്റു ചില ഉദ്യോഗസ്ഥര്‍ എന്നിവരും കേസില്‍ പ്രതികളാണ്. 2018 സെപ്തംബറിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസില്‍ ആദായ നികുതി വകുപ്പും കേസെടുത്തിരുന്നു. ബെംഗളൂരുവിലെ കോടതിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഹവാല ഇടപാട് നടത്തി, നികുതി വെട്ടിച്ചു എന്നീ ആരോപണങ്ങളാണ് ശിവകുമാറിനും കൂട്ടുപ്രതികള്‍ക്കുമെതിരെയുള്ളത്. ആദായ നികുതി വകുപ്പ് കേസെടുത്ത പിന്നാലെയാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ പതിവായി ഹവാല ഇടപാട് നടത്തിയിരുന്നു എന്നാണ് ആരോപണം. 2019ല്‍ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കി. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയും കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെയും ചോദ്യം ചെയ്തിരുന്നു.
ശിവകുമാറിനെതിരെയുള്ളത് വ്യാജ കേസാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. അറസ്റ്റിന് ശേഷം ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞ ശിവകുമാര്‍ ജാമ്യം നേടി കര്‍ണാടകയില്‍ തിരിച്ചെത്തിയ വേളയില്‍ കോണ്‍ഗ്രസ് വലിയ സ്വീകരണമാണ് നല്‍കിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.












Click it and Unblock the Notifications