ഗുജറാത്തിലെ കുട്ടികള്‍ക്ക് ഭാരക്കുറവെന്ന് സിഎജി
ദില്ലി: നരേന്ദ്ര മോഡിയുടെ ഗുജറാത്ത് വികസനത്തിന്റെ കാര്യത്തില്‍ അത്ര മുകളിലൊന്നുമല്ലെന്ന് സിഎജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. ഗുജറാത്തിലെ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് ആവശ്യത്തിന് തൂക്കമില്ലെന്നാണ് കണ്ടെത്തല്‍.
സമഗ്ര ശിശു വികസന പദ്ധതി(ഐസിഡിഎസ്) നടപ്പാക്കിയതില്‍ ഗുജറാത്ത് വന്‍ പരാജയമാണെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളത്. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഗുണഫലം ഗുജറാത്തിലെ കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്നാണ് സിഎജിയുടെ ആക്ഷേപം.

പദ്ധതി പ്രകാരം ഗുണഫലങ്ങള്‍ അനുഭവിക്കേണ്ട 63.37 ലക്ഷം കുട്ടികളാണ് ഗുജറാത്തില്‍ ഒഴിവാക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. സംസ്ഥാന നിയമസഭയില്‍ഈ റിപ്പോര്‍ട്ട് 2013 ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
വര്‍ഷത്തില്‍ 300 ദിവസങ്ങളിലും കുട്ടികള്‍ക്ക് പൂരക പോഷകങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഗുജറാത്തില്‍ 96 ദിവസങ്ങളില്‍ ഇത് നല്‍കപ്പെട്ടിട്ടില്ലത്രെ. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതി നടത്തിപ്പും പരാജയമാണെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. 1.7 കോടി പേര്‍ ഐസിഡിഎസ് പദ്ധതിയുടെ ഗുണഫലങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെനനും റിപ്പോര്‍ട്ടില്‍ പറയുന്നു.
75,480 അങ്കണ വാടികളാണ് ഗുജറാത്തില്‍ വേണ്ടത്. ഇതിന് പകരം 52,137 എണ്ണത്തിന് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളു. ഇതില്‍ തന്നെ 50,225 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നു ള്ളു എന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജനസംഖ്യ കൂടിയതിനനുസരിച്ച് അധിക പദ്ധതികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് 2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിനോട് ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ ഇതുവരേയും മോഡി സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
പരിശോധനക്കായെടുത്ത അങ്കണ വാടികളില്‍ 9 മുതല്‍ 40 ശതമാനം വരെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തു. നബ്ബാര്‍ഡ് 3333 അങ്കണവാടികള്‍ക്ക് വായ്പ അനുവദിച്ചപ്പോള്‍ 1,979 എണ്ണം മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications