അമേഠിയില്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം ട്രക്കില്‍ കടത്തി! വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്
ലഖ്നൗ: അമേഠിയില്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം ട്രക്കുകളില്‍ കടത്തികൊണ്ടുപോകുന്ന വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്. അമേഠിയിലെ മനിഷി മഹിള മഹാവിദ്യാലയത്തില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ട്രക്കില്‍ കടത്തി കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ഇവിഎമ്മുകള്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് കടത്തുന്ന വീഡിയോ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിട്ടുണ്ട്.
മെയ് 12 നാണ് അമേഠിയില്‍ അടുത്ത ഘട്ട പോളിങ്ങ് നടക്കുന്നത്. ആവശ്യത്തിന് വോട്ടിങ്ങ് യന്ത്രങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവ വീണ്ടും പോളിങ്ങ് ബൂത്തിലേക്ക് കൊണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര രംഗത്തെത്തി.
അതീവ സുരക്ഷയോടെ സൂക്ഷീക്കേണ്ട യന്ത്രങ്ങള്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇവിഎം മാറ്റുന്നതായുള്ള ഒരു അറിയിപ്പും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യോഗേഷ് പറഞ്ഞു. അതേസമയം സംഭവത്തില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
മെയ് 6 ന് നടന്ന അഞ്ചാം ഘട്ടത്തിലാണ് അമേഠിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. അതിശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്. അമേഠിയില്‍ വോട്ടെടുപ്പിനിടെ
കോണ്‍ഗ്രസ് ബൂത്ത് പിടിത്തം നടത്തിയിരുന്നതായി ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. നിര്‍ബന്ധിച്ച് വോട്ടു ചെയ്യിക്കുന്നതായി ഒരു മുതുര്‍ന്ന സ്ത്രീ പരാതി പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു സ്മൃതിയുടെ ആരോപണം. എന്നാല്‍ സ്മൃതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications