പഞ്ചാബിൽ ഞെട്ടിച്ച് ബിജെപി; 2 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു..ഒപ്പം മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും
ചണ്ഡീഗഡ്; പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിന്റെ ലോക് പഞ്ചാബ് കോൺഗ്രസുമായി സഖ്യത്തിലാണ് ഇക്കുറി ബി ജെ പി മത്സരിക്കുന്നത്. എന്തുവില കൊടുത്തും പഞ്ചാബ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസുമായി തെറ്റിപിരിഞ്ഞ് പുതിയ പാർട്ടി പ്രഖ്യാപിച്ച അമരീന്ദറിനെ ബിജെപി പാട്ടിലാക്കിയത്. ഇപ്പോഴിതാ സംസ്ഥാനത്തെ ബി ജെ പി പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് പകർന്ന് പ്രമുഖർ പാർട്ടിയിൽ ചേർന്നിരിക്കുകയാണ്. രണ്ട് കോൺഗ്രസ് എം എൽ എമാർ ഉൾപ്പെടെയാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. വിശദമായി വായിക്കാം
പിടി തോമസിന്റെ തൃക്കാക്കരയിൽ വിടി ബൽറാം- എം സ്വരാജ് പോരാട്ടത്തിന് വഴിയൊരുങ്ങുമോ? ചർച്ചകൾ ഇങ്ങനെ

മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ആണ് ബി ജെ പിയിൽ ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കേയാണ് 44 കാരനായ ദിനേഷ് ദിനേഷ് മോംഗിയയുടെ ബി ജെ പി പ്രവേശം. ഇന്ത്യക്കായി പരിമിത ഓവർ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മുൻ ക്രിക്കറ്റ് താരം പഞ്ചാബിലാണ് താമസിക്കുന്നത്.

അതേസമയം മുതിർന്ന ക്രിക്കറ്ററെ ബി ജെ പി പാർട്ടിയിൽ എത്തിച്ച സാഹചര്യത്തിൽ മറ്റൊരു ക്രിക്കറ്റ് താരമായ ഹർഭജൻ സിംഗിനെ കോൺഗ്രസ് പാർട്ടിയിൽ എത്തിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ കോൺഗ്രസ് പി സി സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ധുവുമായി ഹർഭജൻ നിൽക്കുന്ന ചിത്രം സിദ്ദു പങ്കുവെച്ചതോടെ ഹർഭജൻ കോൺഗ്രസിലേക്ക് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയായിരുന്നു സിദ്ദു അന്ന് ചിത്രം പങ്കുവെച്ചത്. അതേസമയം അഭ്യൂഹങ്ങൾ ശക്തമായതോടെ തന്റെ രാഷ്ട്രീയ പ്രവേശന സാധ്യത സൂചന നൽകി ഹർഭജനും രംഗത്തെത്തിയിരുന്നു.

'എനിക്ക് പഞ്ചാബിനായി ഇനി പ്രവര്‍ത്തിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് രാഷ്ട്രീയത്തിലൂടെ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍. എല്ലാ പാര്‍ട്ടിയിലും എനിക്ക് പരിചയമുള്ള ഒട്ടേറെ നേതാക്കളുണ്ട്. ഏത് പാര്‍ട്ടിയില്‍ ചേരുകയാണെങ്കിലും അത് പ്രഖ്യാപിക്കും. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല' എന്നായിരുന്നു ഹർഭജന്റെ വാക്കുകൾ. എന്തായാലും കോൺഗ്രസും ഹർഭജനും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ ഇന്ന് ദിഷേന് മോംഗിയക്കൊപ്പം രണ്ട് കോൺഗ്രസ് എം എൽ എമാർ കൂടി ബി ജെ പിയിൽ ചേർന്നു. ഫത്തേ ജംഗ് ബജ്‌വ, ബൽവീന്ദർ സിംഗ് ലഡ്ഡി എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഖാദിയാൻ, ശ്രീ ഹർഗോവിന്ദ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരാണ് ബജ്‌വയും ലാഡിയും .രണ്ട് നിയമസഭാ മണ്ഡലങ്ങളും ഗുരുദാസ്പൂർ ജില്ലയിലാണ് ഉൾപ്പെടുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവായ പ്രതാപ് ബജ്വ എംപിയുടെ സഹോദരനാണ് ഫതെഹ് ജുങ്ങ് സിംഗ് ബജ്വ. കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഫതെഹയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്കും ഖാഡിയാൻ സീറ്റ് വേണമെന്ന ആവശ്യവുമായി പ്രതാപ് സിംഗ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. സീറ്റിനായുള്ള പിടിവലിയിൽ നഷ്ടം തനിക്ക് ആകുമെന്ന വിലയിരുത്തലിലാണ് ഫതെഹ് ഇപ്പോൾ മറുകണ്ടം ചാടിയതെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച മറ്റൊരു എം എൽ എയായ റാണ ഗുർമീത് സോധിയും കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നിരുന്നു. മുൻ കോൺഗ്രസ് നേതാവായ അമരീന്ദറിന്റെ ഏറ്റവും അടുത്ത നേതാക്കളാണ് ഈ മൂന്ന് എം എൽ എമാരും . എന്നാൽ ഇവർ അമരീന്ദറിന്റെ പാർട്ടിയിൽ ചേർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.