മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. മദ്യനയം നടപ്പാക്കിയതില്‍ അഴിമതി ആരോപിച്ച് സി ബി ഐ നല്‍കിയ കേസില്‍ മനീഷ് സിസോദിയ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് ഇന്ന് രാവിലെയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മനീഷ് സിസോദിയ.
മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും, അനാവശ്യ നേട്ടത്തിനുവേണ്ടി ഗൂഢാലോചന നടത്തിയാണ് എക്സൈസ് നയം രൂപീകരിച്ചതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. മനീഷ് സിസോദിയ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്നും കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയുടെ ബെഞ്ച് ആണ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയത്. മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജിയെ സിബിഐ ഇന്നും കോടതിയില്‍ എതിര്‍ത്തിരുന്നു, സിസോദിയ ഉന്നത വ്യക്തികളുമായും ബ്യൂറോക്രാറ്റുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നും അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാണ് എന്നും സിബിഐ പറഞ്ഞു.
ഇത് അന്വേഷണത്തെ സ്വാധീനിക്കും എന്നും സി ബി ഐ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ. നേരത്തെ മാര്‍ച്ചിലും മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
നേരത്തെ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 1 വരെ നീട്ടി മേയ് 23ന് ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.ഈ വര്‍ഷം ഫെബ്രുവരി 26 ന് ആണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ മാര്‍ച്ച് 9 ന് ഇ ഡിയും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയക്കേസിന്റെ പിന്നിലെ സൂത്രധാരന്‍ മനീഷ് സിസോദിയയാണെന്നും അദ്ദേഹം സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കൂട്ടുപ്രതികള്‍ക്ക് നയം ബോധപൂര്‍വം ചോര്‍ത്തി നല്‍കിയെന്നുമാണ് ഇ ഡി പറയുന്നത്.
ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതേസമയം താന്‍ നിരപരാധിയാണ് എന്നും നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിച്ചതാണെന്നുമാണ് മനീഷ് സിസോദിയ പറയുന്നത്.












Click it and Unblock the Notifications