മണിപ്പൂരില്‍ കട്ടയ്ക്ക് പോരാട്ടം, കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം, ഗോവയില്‍ പോരാട്ടം ഇങ്ങനെ, സര്‍വേ ഫലം
ദില്ലി: മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി സീ വോട്ടര്‍ സര്‍വേ. കോണ്‍ഗ്രസ് ബിജെപിക്ക് തൊട്ടുപിന്നിലുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ തിരിച്ചടി മണിപ്പൂരില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഗോവയില്‍ ബിജെപി ആധിപത്യം പുലര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുക്കുമെന്നാണ് പ്രവചനം.
അതേസമയം കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതല്ല ഗോവയില്‍ നിന്നുള്ള ഫലങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടി അടക്കം കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി രംഗത്തുണ്ട്. ഇത് വന്‍ വെല്ലുവിളിയാണ്. കണക്കുകള്‍ നല്‍കുന്ന സൂചനയും അതാണ്.

മണിപ്പൂരില്‍ ബിജെപി കുറച്ചുകാലമായി പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഇവിടെ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ കടുത്ത പോരാട്ടം തന്നെയാണ് ഇവിടെ നടക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അധികാരം ആര് പിടിക്കുമെന്ന കാര്യത്തില്‍ പ്രവചനം പോലും അസാധ്യമാണ്. 25 മുതല്‍ 29 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. 60 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 31 സീറ്റ് വേണം. ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ ബിജെപിക്ക് സാധിക്കും. 2017നെ അപേക്ഷിച്ച് ബിജെപിയുടെ പ്രകടനം മികച്ചതാണ്. അന്ന് 21 സീറ്റാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണയും ചെറു കക്ഷികളെ ബിജെപിക്ക് ആവശ്യമായി വരും.

കോണ്‍ഗ്രസിന് പക്ഷേ സീറ്റ് കുറയുകയാണ് ചെയ്യുന്നത്. എന്നാലും മത്സരം കടുപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. കോണ്‍ഗ്രസ് 20 മുതല്‍ 24 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കൂറുമാറ്റം അടക്കമുള്ളവ കൊണ്ട് ദുര്‍ബലമായി മാറിയ കോണ്‍ഗ്രസിന് ഇത് വലിയ ഉണര്‍വാണ്. മികച്ച പ്രചാരണം നടത്തിയ ബിരേന്‍ സിംഗ് സര്‍ക്കാര്‍ വീഴുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അതേസമയം നാഗ പീപ്പിള്‍സ് ഫ്രണ്ട് നാല് മുതല്‍ എട്ട് സീറ്റുകള്‍ വരെയും, മറ്റുള്ളവര്‍ മൂന്ന് മുതല്‍ ഏഴ് സീറ്റു വരെയും നേടും. ഇവരെ ഒപ്പം കൂട്ടുന്നവര്‍ക്കേ മണിപ്പൂരില്‍ അധികാരം പിടിക്കാനാവൂ എന്ന് വ്യക്തമാണ്. രണ്ട് പേര്‍ക്കും നിലവില്‍ അധികാരം പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

വോട്ടുശതമാനത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുന്നുണ്ട്. 38.7 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് എബിപി സര്‍വേയില്‍ പറയുന്നത്. 2.4 ശതമാനത്തിന്റെ വര്‍ധനവാണിത്. 2017ല്‍ 36,.3 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കോണ്‍ഗ്രസിന് പക്ഷേ വോട്ടു ശതമാനത്തില്‍ ഇടിവുണ്ട്. 33.1 ശതമാനമായി വോട്ട് കുറയും. 2017ല്‍ 35.1 ശതമാനമായിരുന്നു ലഭിച്ചത്. അതേസമയം എബി സര്‍വേയില്‍ തന്നെ സെപ്റ്റംബര്‍ മാസത്തില്‍ ബിജെപിക്ക് 40 ശതമാനത്തില്‍ മുകളില്‍ വോട്ട് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഒക്ടോബറില്‍ 35 ശതമാനമായി. അവിടെ നിന്നാണ് വീണ്ടും കുതിക്കുമെന്ന പ്രവചനം. എന്‍പിഎഫിന് 7.2 ശതമാനം വോട്ടും ലഭിക്കും.

ബിജെപി പ്രാദേശിക സാഹചര്യങ്ങളിലും ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നുണ്ടെന്ന് സര്‍വേ തെളിയിക്കുന്നു. കോണ്‍ഗ്രസിന് ജയറാം രമേശിനെയാണ് മണിപ്പൂര്‍ പിടിക്കാനായി ഇറക്കിയത്. ഇത് ഗുണം ചെയ്യുമോ എന്ന് അടുത്ത മാസത്തെ സര്‍വേ ഫലത്തില്‍ നിന്ന് വ്യക്തമായി അറിയാം. ഒക്ടോബറില്‍ 25 സീറ്റും സെപ്റ്റംബറില്‍ 22 സീറ്റുമായിരുന്നു കോണ്‍ഗ്രസ് നേടുമെന്ന് എബിപി പ്രവചിച്ചത്. ബിജെപി സെപ്റ്റംബര്‍ മാസത്തെ സര്‍വേയില്‍ 36 സീറ്റ് വരെയും ഒക്ടോബറില്‍ 30 സീറ്റ് വരെയുമാണ് പ്രവചിച്ചത്. അവിടെ നിന്നാണ് വീണ്ടും കുറഞ്ഞത്. കോണ്‍ഗ്രസിന് ഇത് പ്രതീക്ഷ നല്‍കുന്ന സര്‍വേ ഫലം കൂടിയാണ്.

ഗോവയില്‍ 40 അംഗ നിയമസഭയാണ് ഉള്ളത്. ബിജെപി തന്നെ ഇത്തവണ ഏറ്റവും വലിയ കക്ഷിയായി ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 19 മുതല്‍ 23 സീറ്റ് വരെയാണ് നേടുക. കോണ്‍ഗ്രസ് രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടും. അതേസമയം രണ്ടാം സ്ഥാനത്തിനായി വന്‍ മത്സരമാണ് ഇവിടെ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. 2017ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. 17 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ബിജെപി അധികാരം പിടിച്ചു. അതിന് ശേഷം നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി 2017ല്‍ 13 സീറ്റാണ് നേടിയത്. അവിടെ നിന്ന് പത്ത് സീറ്റ് വര്‍ധിപ്പിച്ചാണ് 23 സീറ്റിലെത്തുന്നതെന്ന് സര്‍വേ പറയുന്നു. എഎപിക്ക് ഗോവയില്‍ സീറ്റേ ഇല്ലായിരുന്നു.അവരാണ് ഇപ്പോള്‍ അക്കൗണ്ട് തുറക്കുന്നത്. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാവും. സെപ്റ്റംബറിലെ സര്‍വേയില്‍ 22 മുതല്‍ 26 സീറ്റ് വരെ ബിജെപി നേടുമെന്നായിരുന്നു പ്രവചനം. ഒക്ടോബറില്‍ 28 സീറ്റായി ഉയര്‍ന്നു. അവിടെ നിന്നാണ് കുറഞ്ഞത്. കോണ്‍ഗ്രസിനും ഈ കാലയളവില്‍ മുന്നേറ്റം പ്രവചിച്ചിരുന്നില്ല. എഎപി എട്ട് സീറ്റുകള്‍ വരെ നേടുമെന്ന് നേരത്തെ സര്‍വേ പ്രവചിച്ചിരുന്നു. ഏഴ് സീറ്റ് നേടിയാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ വോട്ടുബാങ്കിനെയാണ് ഇല്ലാതാക്കുക.

വോട്ടുശതമാനം ബിജെപി ബഹുഭൂരിപക്ഷം മുന്നിലെത്തും. 37.5 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്. എഎപി 23.6 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തും. മറ്റുള്ളവര്‍ 22.1 ശതമാനം വോട്ടും നേടും. കോണ്‍ഗ്രസിന് ലഭിക്കുക 18.6 ശതമാനം വോട്ടാണ്. 2017ല്‍ 28.4 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. പത്ത് ശതമാനത്തോളം വോട്ടിന്റെ ഇടിവാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പോയിരിക്കുന്നത് എഎപിയിലേക്കാണെന്ന് വ്യക്തമാണ്. 6.3 ശതമാനം മാത്രമുണ്ടായിരുന്ന വോട്ടാണ് 23ലെത്തിയത്. പി ചിദംബരത്തെയാണ് കോണ്‍ഗ്രസ് ഗോവ പിടിക്കാനായി ഇറക്കിയത്. പക്ഷേ ഇതുവരെ ഓളമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications