Exit Poll: ജാർഖണ്ഡിൽ ബിജെപിയുടെ തന്ത്രം ഫലിച്ചു? എൻഡിഎ 44 സീറ്റുകൾ വരെ നേടും, ഇന്ത്യ സഖ്യം തകരും
റാഞ്ചി: ഭരണകക്ഷിയായ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന് ഇരുട്ടടി നൽകി എൻഡിഎ അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ സർവേ ഫലം. ജെവിസി പുറത്തുവിട്ട സർവേ ഫലം അനുസരിച്ച് 40 മുതൽ 44 സീറ്റുകൾ വരെയാണ് എൻഡിഎ നേടുമെന്ന് പറയുന്നത്. ഇവിടെ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം 30 മുതൽ 40 സീറ്റുകൾ വരെയാണ്.
ആകെ 81 സീറ്റുകളുള്ള ജാർഖണ്ഡിൽ കേവല ഭൂരിപക്ഷമായി വേണ്ടത് 42 സീറ്റുകളാണ്. അത് എൻഡിഎ മറികടക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ജാർഖണ്ഡിൽ മറ്റുള്ളവർക്ക് പ്രവചിക്കുന്നത് പരമാവധി ഒരു സീറ്റ് മാത്രമാണ്. സംസ്ഥാനത്ത് ഭരണത്തുടർച്ച മോഹിച്ച കോൺഗ്രസ്-ജെഎംഎം സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഇത് യാഥാർഥ്യമായാൽ ഉണ്ടാവുക.

ആദിവാസി മേഖലകളിൽ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണം ബിജെപിക്ക് വലിയ രീതിയിൽ ഗുണം ചെയ്‌തുവെന്നാണ് ഈ എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചന. നിലവിലെ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് യാതൊരു അവസരവും നൽകാതെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ജയിച്ചാൽ അത് ചരിത്രമാകും.
ഇന്ത്യ സഖ്യത്തിന് കീഴിൽ ജെഎംഎം, കോൺഗ്രസ് പാർട്ടികൾക്ക് പുറമേ ആർജെഡി, ഇടത് പാർട്ടികൾ എന്നിവരും ഒപ്പമുണ്ട്. മറുവശത്ത് എൻഡിഎയുടെ കീഴിൽ ബിജെപിക്കൊപ്പം അണിനിരക്കുന്നത് ദീർഘകാല സഖ്യകക്ഷിയായ എജെഎസ്‌യു, എൽജെപി, ജെഡിയു എന്നീ പാർട്ടികളാണ്. സംസ്ഥാനത്ത് കാര്യമായ സ്വാധീനമുള്ള പാർട്ടികളായ ഇവ തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കിയത്.
ആകെ 81 സീറ്റുകൾ മാത്രമുള്ള ജാർഖണ്ഡ് നിയമസഭയിൽ 42 സീറ്റുകൾ നേടുന്നവർ അധികാരത്തിൽ എത്തുമെന്നതാണ് പ്രധാന കാര്യം. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തെ 43 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലാണ് മത്സരം.
ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കുക ലക്ഷ്യമിട്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയം ഉൾപ്പെടെ ബിജെപി സംസ്ഥാനത്ത് വലിയ രീതിയിൽ ചർച്ചയാക്കിയിരുന്നു. സാന്താൾ പർഗാന മേഖലയിലെ വലിയ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കങ്ങൾ. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ജെഎംഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ചമ്പായി സോറനും.
ഒരുപക്ഷേ ബിജെപി അധികാരത്തിൽ വന്നാൽ ആരാവും ജാർഖണ്ഡിൽ മുഖ്യമന്ത്രിയാവുക എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവിൽ മുൻ മുഖ്യമന്ത്രിമാരുടെ വലിയൊരു കൂട്ടം തന്നെ മുന്നണിയിൽ ഉണ്ട്. അതിൽ ആരെയെങ്കിലും ചുമതല ഏൽപ്പിക്കുമോ അതോ പുതുതായി ആരെങ്കിലും ഭരണ സാരഥ്യത്തിൽ ഏറുമോ എന്നാണ് ഇനി അറിയാനുള്ളത്.












Click it and Unblock the Notifications