ജിഗ്നേഷ് മേവാനിക്കെതിരെ കെട്ടിച്ചമച്ച കേസ്; അസം പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി
ഗുവാഹത്തി; വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയെ പ്രതിയാക്കാൻ ശ്രമിച്ച അസം പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ഇത് ഒരു നിർമ്മിത കേസ് ആണെന്ന് ബാർപേട്ട സെഷൻസ് കോടതി പറഞ്ഞു. തുടർന്ന് മേവാനിക്ക് ജാമ്യം അനുവദിച്ചു. ഏപ്രിൽ 25 നാണ് ഈ കേസ് പ്രകാരം മേവാനി അറസ്റ്റിലാകുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരിലും മേവാനിക്കെതിരെ കേസ് വന്നിരുന്നു. ഈ കേസിലും മേവാനിക്ക് ജാമ്യം ലഭിച്ചിരുന്നു.
വനിതാ കോൺസ്റ്റബിളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ "നിർമ്മിത കേസ്" എന്ന് കോടതി വിശേഷിപ്പിച്ചു. "നമ്മുടെ കഠിനാധ്വാനം ചെയ്ത ജനാധിപത്യത്തെ ഒരു പോലീസ് രാഷ്ട്രമാക്കി മാറ്റുന്നത് ചിന്തിക്കാൻ പോലും കഴിയില്ല," സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് ചക്രവർത്തി ഉത്തരവിൽ പറഞ്ഞു. എഫ്‌ഐആറിന് വിരുദ്ധമായി മറ്റൊരു കഥയാണ് യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയത്. യുവതിയുടെ മൊഴി കണക്കിലെടുക്കുമ്പോൾ പ്രതിയായ ജിഗ്നേഷ് മേവാനിയെ അന്വായമായി തടങ്കലിൽ വയ്ക്കാൻ വേണ്ടിയാണ് തൽക്ഷണ കേസ് നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമായി. "ഇവർ കൂടുതൽ കാലം കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്തു," എന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരെ സ്വന്തം നിലയിൽ ഒരു ഹർജി പരിഗണിക്കാൻ ബാർപേട്ട സെഷൻസ് കോടതി ഗുവാഹത്തി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ ദൃശ്യങ്ങൾ പകർത്താൻ ബോഡി ക്യാമറകൾ ധരിക്കാണമെന്നും. വാഹനങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും അസം പോലീസിനോട് ഉത്തരവിടണമെന്ന് സെഷൻസ് കോടതി ഗുവാഹത്തി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തേത് പോലെയുള്ള തെറ്റായ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും പോലീസ് പ്രതികളെ വെടിവെച്ച് കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് സംസ്ഥാനത്ത് ഒരു പതിവ് പ്രതിഭാസമായി മാറിയിരിക്കുന്നു എന്നും കോടതി വിമർശിച്ചു.
അതേ സമയം ഈ കേസുകൾക്ക് പിന്നിൽ ബിജെപി ആണെന്ന് മേവാനി ആരോപിച്ചു. "തനിക്കെതിരെ കേസ് ഉണ്ടാക്കാൻ ഒരു സ്ത്രീയെ ഉപയോ ഗിച്ചത്. ബി.ജെ.പിയുടെ ഭീരുത്വമാണ് തെളിയിച്ചിരിക്കുന്നത്. എന്റെ അറസ്റ്റ് നിസാര കാര്യമായിരുന്നില്ല. പിഎംഒയിലെ രാഷ്ട്രീയ മേലധികാരികളുടെ നിർദ്ദേശപ്രകാരമായിരിക്കണം ഇത് ചെയ്തത്." മോചിതനായ ശേഷം മേവാനി മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഭരണകക്ഷിയായ ബിജെപി ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.