കാര്‍ഷിക നിയമങ്ങള്‍ വീണ്ടും വരും... തുറന്നുപറഞ്ഞ് കേന്ദ്ര കൃഷിമന്ത്രി, കര്‍ഷകരുടെ നന്മയ്ക്ക്
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലധികം നീണ്ട സമരത്തെ തുടര്‍ന്നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാരിന്റെ പിന്‍മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണം ശരി വയ്ക്കുന്ന തരത്തിലാണ് കേന്ദ്ര കൃഷി മന്ത്രിയുടെ പ്രതികരണം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ വീണ്ടും മറ്റൊരു വേളയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും കര്‍ഷകരുടെ നന്മ ഉദ്ദേശിച്ചാണ് നടപടിയുണ്ടാകുകയെന്നും മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നാലാഴ്ച മുമ്പാണ് കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പക്ഷേ, കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ അന്ന് തയ്യാറായില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് വേണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. കേസുകള്‍ റദ്ദാക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ കമ്മിറ്റി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
താങ്ങുവില നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്ക് ഹരിയാന, യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. മാത്രമല്ല, നഷ്ടപരിഹാരം നല്‍കാനും ആരംഭിച്ചിട്ടില്ല. അതിനിടെയാണ് നിയമം വീണ്ടും വരുമെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്.
കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കാനും പിന്‍വലിക്കാനും കാരണം ചിലരാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു അത്. പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് നിരാശയില്ല. ഇനിയും മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കും. കാരണം കര്‍ഷകര്‍ എന്നത് രാജ്യത്തിന്റെ നട്ടെല്ലാണെന്നും മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
സമരം ചെയ്ത കര്‍ഷകരെ വളരെ മോശമായിട്ട് ചിത്രീകരിക്കാന്‍ ശ്രമം നടന്നിരുന്നു. ഖലിസ്താനികളെന്നും രാജ്യ വിരുദ്ധരെന്നും ചില ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ സമരം ചെയ്യുന്ന പലരുടെയും മക്കളും ബന്ധുക്കളും സൈനികരാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് കര്‍ഷകര്‍ പ്രചാരണങ്ങളെ പ്രതിരോധിച്ചത്. അടുത്ത ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. കര്‍ഷകര്‍ ശക്തമായ സ്വാധീനമുള്ള ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയും ഇതില്‍പ്പെടും. കൂടാതെ മണിപ്പൂരും ഗോവയും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കര്‍ഷകര്‍ മല്‍സര രംഗത്തുണ്ടാകുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.