ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റെടുത്ത് കര്‍ഷകര്‍; നാളെ മഹാപഞ്ചായത്ത്, വരാന്‍ പോകുന്നത് വമ്പന്‍ പ്രഖ്യാപനം?
മുസാഫര്‍നഗര്‍: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വമ്പന്‍ യോഗം വിളിച്ച് ചേര്‍ത്ത് കര്‍ഷക സംഘടനകള്‍. നാളെ (വ്യാഴാഴ്ച) ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ സൗറം പട്ടണത്തില്‍ വെച്ച് ചേരുന്ന യോഗം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും.
ചരിത്രപ്രസിദ്ധമായ സൗറാം ചൗപാലില്‍ നടക്കുന്ന മഹാപഞ്ചായത്ത് ചര്‍ച്ചയില്‍ ഗുസ്തിക്കാരുടെ പ്രതിഷേധമായിരിക്കും പ്രധാന വിഷയമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവും ബല്യാന്‍ ഖാപ്പിന്റെ തലവനുമായ നരേഷ് ടികായത് പറഞ്ഞു. ഈ താരങ്ങള്‍ കാരണമാണ് നമ്മള്‍ അന്താരാഷ്ട്ര കായികരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ നാണക്കേട് കൊണ്ട് തല താഴ്ത്തുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല എന്നും നരേഷ് ടികായത് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ഖാപ്പുകളുടെ പ്രതിനിധികളും അവരുടെ തലവന്‍മാരും മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് വനിതാ അത്ലറ്റുകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് താരങ്ങള്‍ ആരോപിക്കുന്നത്. ഇവരുടെ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
എന്നാല്‍ ബ്രിജ് ഭൂഷണ്‍ ഇപ്പോഴും ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് തുടരുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. ഒളിംപിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി പേര്‍ ദിവസങ്ങളായി ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു.
ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസിന്റെ ഈ നടപടി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗംഗയില്‍ മെഡലുകളൊഴക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.
അഞ്ച് ദിവസത്തിനകം വിഷയത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കാം എന്നാണ് കര്‍ഷക നേതാക്കള്‍ ഗുസ്തി താരങ്ങളോട് പറഞ്ഞിരിക്കുന്നത്. അതേസമയം കായികരംഗത്തെ അന്താരാഷ്ട്ര ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ഗുസ്തിക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. 45 ദിവസത്തിനുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയും യുഡബ്ല്യുഡബ്ല്യു നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രതിഷേധം ദിനംപ്രതി ശക്തമാകുമ്പോഴും സമരത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകും എന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റില്‍ സമരമിരിക്കും എന്നും താരങ്ങള്‍ വ്യക്തമാക്കി. അതേസമയം എന്നാല്‍ ഇന്ത്യാ ഗേറ്റില്‍ സമരം നടത്താന്‍ അനുമതി നല്‍കില്ല എന്നാണ് ഡല്‍ഹി പൊലീസിന്റെ മറുപടി.
ബി ജെ പി എം പി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനിടെ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തിന്റെ പേരില്‍ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഗുസ്തി താരങ്ങള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം കര്‍ഷകര്‍ വിഷയം ഏറ്റെടുത്തതോടെ ഗുസ്തി താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നാളത്തെ മഹാപഞ്ചായത്തില്‍ പ്രതിഷേധം കര്‍ഷകര്‍ ഔദ്യോഗികമായി ഏറ്റെടുക്കും എന്ന പ്രഖ്യാപനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ചത് കര്‍ഷകരുടെ സമരമായിരുന്നു. നിലവില്‍ നിരവധി കര്‍ഷക കുടുംബങ്ങള്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ട്.












Click it and Unblock the Notifications