അണയാത്ത സമരച്ചൂട്; ആറ് മാസം പിന്നിട്ട് കർഷക സമരം, രാജ്യത്ത് ഇന്ന് കരിദിനം ആചരിക്കും
സിംഘു ഉൾപ്പെടെയുള്ള പ്രധാന സമര കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം ആറ് മാസം പിന്നിടുന്നു. രാജ്യമൊട്ടാകെ ഇന്ന് കരിദിനം ആചരിക്കാനാണ് കർഷക നേതാക്കളുടെ ആഹ്വാനം. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാർഷികം കൂടിയായ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിക്കും. സിംഘു ഉൾപ്പെടെയുള്ള പ്രധാന സമര കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു.

കരിദിനാചരണത്തിന്റെ ഭാഗമായി ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെയും പിന്തുണ പ്രതിഷേധത്തിനുണ്ടാകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബറിലാണ് കർഷക പ്രക്ഷോഭത്തിന് തുടക്കമാകുന്നത്. പഞ്ചാബിൽനിന്ന് ''ഡൽഹി ചലോ'' മാർച്ച് പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്തേക്ക് തിരിച്ച ആയിരക്കണക്കിന് കർഷകർ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് പ്രതിരോധം മറികടന്ന് നവംബർ 26ന് ഡൽഹി അതിർത്തിയിൽ എത്തുകയായിരുന്നു. രാജ്യതലസ്ഥാനത്ത് പിന്നീട് നിരവധിയായ പോരാട്ടങ്ങൾക്കും കർഷക-പൊലീസ് സംഘർഷങ്ങൾക്കും രാജ്യം സാക്ഷിയായി.
ഡൽഹിയിലെ സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽ ഡൽഹി പൊലീസ് തടഞ്ഞതിനെ തുടർന്ന് അവിടെ കുത്തിയിരുന്ന് തുടങ്ങിയ സമരമാണ് ആറു മാസങ്ങൾക്കിപ്പുറവും കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ ഘട്ടത്തിലും പോരാട്ട വീര്യം ചോരാതെ തുടരുന്നത്. നിയമം പിൻവലിക്കാതെ തങ്ങളും പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.












Click it and Unblock the Notifications