എന്ത് സംഭവിച്ചാലും പിന്നോട്ടില്ല; കര്‍ഷകര്‍ നാളെ അതിര്‍ത്തികളില്‍ നിരാഹരമിരിക്കും, പ്രതിരോധിക്കാന്‍ കേന്ദ്രം
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പോരാട്ടം ശക്തി പ്രാപിക്കുകയാണ്. സമരം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ച് നടത്താനാണ് കര്‍ഷകുടെ തീരുമാനം. എന്നാല്‍ ഇതിനെ ഏതുവിധേനയും പ്രതിരോധിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കര്‍ഷകരെ തടയാന്‍ പൊലീസിനൊപ്പം കേന്ദ്രം സൈന്യത്തെയും ഇറക്കും. മാര്‍ച്ച് തടയുന്നതിനായി റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ഭീമുകളും തയ്യാറാക്കിയാണ് പ്രതിരോധം.
എന്നാല്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ നാളെ കര്‍ഷകര്‍ നിരാഹാര സമരം നടത്തും. സിങ്കു, തിക്രി, പല്‍വാള്‍, ഖാസിപൂര്‍, തുടങ്ങി എല്ലാ അതിര്‍ത്തികളിലും കര്‍ഷകര്‍ നിരാഹാര സമരം നടത്തുമെന്നാണ് ഇപ്പോള്‍ കര്‍ഷക നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരിക്കും നിരാഹാര സമരം. കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം, കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്ന കര്‍ഷകര്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്ന ഉത്തരാഖണ്ഡിലെ കര്‍ഷകരെ നേരിട്ട് കണ്ടെന്ന് മന്ത്രി എഎന്‍ഐയോട് പറഞ്ഞു. നിയമത്തെ കുറിച്ച് മനസിലാക്കിയതിനും നല്‍കുന്ന പിന്തുണയ്ക്കും നന്ദി പറയുന്നെന്ന് നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
ഇതിനിടെ, പ്രക്ഷോഭത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരോടൊപ്പം ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേജ്രിവാള്‍. കാര്‍ഷികയ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണച്ച് ഒരു ദിവസത്തെ താന്‍ ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയാണ്. ആം ആദ്മി പ്രവര്‍ത്തകരോടും പിന്തുണയ്ക്കുന്നവരോടും ഉപവാസത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.
കര്‍ഷകര്‍ മുമ്പോട്ടുവയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ജനങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. അവര്‍ക്ക് പിന്തുണ നല്‍കി ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കാന്‍ എല്ലാവരുോടും അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രം പാസാക്കിയ പുതിയ നിയമം രാജ്യത്തിന് തന്നെ ആപത്താണെന്നും കേജ്രിവാള്‍ വ്യക്തമാക്കി.