ശംഭു അതിര്‍ത്തിയില്‍ വമ്പന്‍ കര്‍ഷക പ്രതിഷേധം, പങ്കെടുത്ത് വിനേഷ് ഫോഗട്ട്; പൂമാലയണിയിച്ച് സ്വീകരണം
ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരുടെ വമ്പന്‍ പ്രതിഷേധം. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ 200ാം ദിനം കൂടിയാണിത്. അതേസമയം ഈ നാഴികക്കല്ലിന്റെ ഭാഗമായി ഗുസ്തി താരം വിനേഷ് ഫോഗട്ടും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധത്തിലാണ്.
ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. എല്ലാ വിളകളുടെയും താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അതേസമയം കര്‍ഷക സമരത്തിന് നേരത്തെ തന്നെ പിന്തുണ അറിയിച്ചതാണ് വിനേഷ് ഫോഗട്ട്.

വിനേഷിനെ പൂമാലകള്‍ കഴുത്തില്‍ അണിയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധ ഭൂമിയില്‍ സ്വീകരിച്ചത്. പ്രതിഷേധം തീര്‍ത്തും സമാധാനപരമായിട്ടാണ് നടക്കുന്നത്, എന്നാല്‍ എല്ലാ തീവ്രതയും കര്‍ഷക സമരത്തിനുണ്ടെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പാന്തര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കുകയാണ്.ഇതുവരെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സര്‍വാന്‍ സിംഗ് പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ഒരിക്കല്‍ കൂടി കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കും. പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവണം. 200 ദിവസത്തെ പ്രതിഷേധം വലിയൊരു നാഴികക്കല്ലാണെന്നും സര്‍വാന്‍ സിംഗ് പറഞ്ഞു.
അതേസമയം ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. നേരത്തെ കര്‍ഷക മാര്‍ച്ചിനെതിരായ കങ്കണയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ബിജെപി ഇതോടെ കങ്കണയ്ക്ക് താക്കീതും നല്‍കിയിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ നിലപാടും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന സൂചന കര്‍ഷക നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഹരിയാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീന ശക്തിയാവാനുള്ള ശ്രമം കൂടിയാണ് കര്‍ഷകര്‍ നടത്തുന്നത്.
കര്‍ഷകര്‍ ഇന്ന് രത്തന്‍പുര, കനോരി അതിര്‍ത്തികളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 200 ദിവസത്തോളമായി കര്‍ഷകര്‍ ഇവിടെ പ്രതിഷേധിക്കുന്നു. ഇത് തീര്‍ത്തും വേദനാജനകമാണെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു അവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ ചാലകശക്തി. അവരില്ലാതെ ഒന്നും സാധ്യമാകില്ല.അത്‌ലറ്റുകള്‍ പോലും ഉണ്ടാവില്ല.
അവര്‍ വിശപ്പകറ്റിയില്ലെങ്കില്‍, ഞങ്ങള്‍ക്ക് മത്സരിക്കാന്‍ പോലുമാവില്ല. ഇവരെ കേള്‍ക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ തവണ അവര്‍ തെറ്റ് അംഗീകരിച്ചതാണ്. നല്‍കിയ വാക്കുപാലിക്കാന്‍ തയ്യാറാകണം. ആളുകള്‍ ഇപ്രകാരം തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.












Click it and Unblock the Notifications