ഇനിയും നോക്കിനില്‍ക്കാനാവില്ല; തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അങ്കം തുടങ്ങി
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കൊണ്ടിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം ശക്തമാകുന്നു. അധികാരമുണ്ടായിരുന്ന പഞ്ചാബില്‍ ഭരണം നഷ്ടപ്പെടുകയും ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തകര്‍ന്നടിയുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ സമൂലമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ്വിവായണ് നേതൃത്വത്തിനെതിരെ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പരമ്പര പാര്‍ട്ടിയുടെ പുനരുദ്ധാരണത്തെയും പുനര്‍നിര്‍മ്മാണത്തെയും' കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. കോണ്‍ഗ്രസിന്റെ പഞ്ചാബ് ചൂതാട്ടത്തിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അമരീന്ദര്‍ സിങ്ങിനെ മാറ്റി ചന്നിയെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടി 'ശക്തവും എന്നാല്‍ അനുചിതവുമായ തീരുമാനം എടുത്തെന്നായിരുന്നു മനു അഭിഷേക് സിംഗ്വി പറഞ്ഞത്.

അഞ്ച് സംസ്ഥാനങ്ങളിലും തോറ്റാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് മനു സിംഗ്വി പറഞ്ഞു.പഞ്ചാബിലെ തോല്‍വിയ്ക്ക് തങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നായിരുന്നു മറ്റൊരു നേതാവായ ഷമ മുഹമ്മദ് പറഞ്ഞത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയും ആം ആദ്മി പാര്‍ട്ടി (എഎപി) പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കളായ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും പോലും ആം ആദ്മി തരംഗത്തില്‍ തകര്‍ന്നിരിക്കുകയാണ്. പഞ്ചാബില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിന്റെ പകുതിയെങ്കിലും നഷ്ടപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ബി ജെ പി ഗോവയില്‍ നേരിയ മേധാവിത്വം നേടിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലാകട്ടെ ബി ജെ പി കേവല ഭൂരിപക്ഷം കടന്ന ലീഡ് നില വര്‍ധിപ്പിച്ചപ്പോള്‍ മൂന്ന് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി ജെ പിയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി തെളിയുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുമെന്നുറപ്പാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്ന ജി 23 നേതാക്കളുടെ വിമതസ്വരം കൂടുതല്‍ ശക്തമാകും. അടുത്ത വര്‍ഷം രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിയില്‍ സമൂലമായ മാറ്റത്തിനായി വിമത നേതാക്കള്‍ ചരട് വലി ശക്തമാക്കും. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നാണ് ജി 23 നേതാക്കള്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.












Click it and Unblock the Notifications