യുവതിയെ പീഡിപ്പിച്ചു, യുവാക്കളോട് ആറുമാസം തെരുവു തൂത്തുവാരാന്‍ കോടതി!
മുംബൈ: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടികളും ശിക്ഷയും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. യുവതിയെ പീഡിപ്പിച്ച യുവാക്കള്‍ക്ക് ആറുമാസത്തേക്ക് തെരുവു തൂത്തുവാരാനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഇങ്ങനെയൊരു ശിക്ഷ പ്രതികള്‍ക്ക് ലഭിച്ചത്.
ബോംബെ ഹൈക്കോടതിയാണ് ഇങ്ങനെയൊരു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഞായറാഴ്ച നാല് യുവാക്കള്‍ മഹാരാഷ്ട്രയിലെ താനെ തെരുവു തൂത്തുവാരി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ പീഡിപ്പിക്കുകയും രക്ഷിക്കാന്‍ ശ്രമിച്ചയാളെ തല്ലി അവശനാക്കുകയും ചെയ്ത നാലുപേര്‍ക്കെതിരെയാണ് കോടതി ഇങ്ങനെയൊരു ശിക്ഷ വിധിച്ചത്.
ശിക്ഷയ്ക്ക് പുറമെ ഓരോരുത്തരും 5000രൂപ വീതം പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറുമാസത്തോളം ഇവര്‍ തെരുവുകള്‍ തൂത്തുവാരണം. പെണ്‍കുട്ടിയുടെ കൂടി അഭിപ്രായം ചോദിച്ചതിനുശേഷമാണ് കോടതി പ്രതികള്‍ക്ക് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്.
ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ സാമൂഹിക സേവനം നടത്തട്ടേയെന്നാണ് പറയുന്നത്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് പ്രതികള്‍ തെരുവുകള്‍ തൂത്തുവാരുക. മദ്യപിച്ചെത്തിയ നാലു യുവാക്കള്‍ യുവതിയെ പീഡിപ്പിക്കുകയാണുണ്ടായത്. സംഭവം കണ്ട ഒരു വഴിയാത്രികന് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ ഇരുമ്പു കമ്പി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.