'വോട്ടിന് വേണ്ടി'.. ലിംഗായത്ത് മഠാധിപതിക്കെതിരായ പോക്സോ കേസിൽ സർക്കാരിനെതിരെ ബിജെപി നേതാവ്
ബെംഗളൂരു: ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ലിംഗായത്ത മഠാധിപതിക്കെതിരായ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിലെ സർക്കാർ വീഴ്ചയെ രൂക്ഷവിമർശനവുമായി ബിജെപി എം എൽ സി എച്ച് വിശ്വനാഥ്. അൽപമെങ്കിലും നാണമുണ്ടെങ്കിൽ കുറ്റാരോപിതനായ മഠാധിപതിക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര തയ്യാറാകണമെന്ന് വിശ്വനാഥ് പറഞ്ഞു. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചിത്രദുർഗ ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനേയും ഉടൻ സസ്പെന്റ് ചെയ്യണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. മഠാധിപതിക്കെതിരെ ഇതുവരെ നടപടിയെടുക്കാത്ത ചിത്രദുർഗ എസ്പിയെ സസ്പെന്റ് ചെയ്യണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ കത്തെഴുതുമെന്നും വിശ്വനാഥ് പറഞ്ഞു.
'രാഷ്ട്രീയക്കാരോ, പ്രതിപക്ഷ നേതാക്കളോ, സാമൂഹിക പ്രവർത്തകരോ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എല്ലാവരും രാഷ്ട്രീയമായാണ് വിഷയത്തെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ പ്രതികരിച്ചാൽ വോട്ട് നഷ്ടമാകുമോയെന്ന ഭയത്തിലാണ് എല്ലാവരും.എല്ലാം ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്', വിശ്വനാഥ് കുറ്റപ്പെടുത്തി.
അനീതി നേരിടേണ്ടി വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ നിങ്ങൾ പിന്തുണയ്ക്കുന്നത് വോട്ടിന് വേണ്ടിയാണോയെന്നും വിശ്വനാഥ് വിമർശിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേയും അവരുടെ കുടുംബങ്ങളുടേയും സുരക്ഷ മുൻനിർത്തി കുറ്റാരോപിതനായ സന്യാസി മഠാധിപതി സ്ഥാനത്ത് നിന്ന് താത്കാലികമായി മാറി നിൽക്കണമെന്നും നിയമനടപടിക്ക് വിധേയമാകണമെന്നും വിശ്വനാഥ് പറഞ്ഞു. മഠാധിപതിയെ തനിക്ക് നേരിട്ട് അറിയാം. നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്നാൽ അദ്ദേഹത്തിന് കൂടുതൽ ബഹുമാനം സമൂഹത്തിൽ ലഭിക്കുമെന്നും വിശ്വനാഥ് പറഞ്ഞു.
മഠം നടത്തുന്ന ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒ ശിശുക്ഷേമ സമിതിയെ (സിഡബ്ല്യുസി) സമീപിക്കുകയായിരുന്നു. ശനിയാഴ്ച, മൈസൂരു സിറ്റി പോലീസാണ് പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം മഠാധിപതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മഠത്തിലെ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.വിശദമായ അന്വേഷണത്തിനായി കേസ് ചിത്രദുര്‍ഗയിലേക്ക് മാറ്റിയതായി മൈസൂരു സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ഗുന്‍തി പിന്നീട് അറിയിച്ചിരുന്നു. രണ്ട് പെൺകുട്ടികളും രണ്ടാം ജെഎംഎഫ്‌സി കോടതിയിൽ ഹാജരായി നേരത്തെ മൊഴി കൊടുത്തിരുന്നു.
അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications