കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും
പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ യിസിൻഹൊ ഫലേറോ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസുമായുള്ള 40 വര്‍ഷത്തെ ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. നവേലിയില്‍ നിന്നുള്ള എംഎല്‍എയായ യിസിൻഹൊ ഫലേറോ നിയമസഭാ സ്പീക്കറെ കണ്ട് തന്റെ രാജിക്കത്ത് കൈമാറുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് യിസിൻഹൊ ഫലേറയുടെ രാജി.
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് അദേഹം രാജി വെച്ച് നിലപാട് പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്നും എംഎൽഎ എന്ന നിലയിലും രാജിവെക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ബിജെപിക്ക് എതിരായി തെരുവില്‍ ഇറങ്ങി പോരാടാന്‍ കഴിയുന്ന യഥാര്‍ത്ഥ നേതാവ് മമത ബാനര്‍ജിയാണെന്നായിരുന്നു യിസിൻഹൊ ഫലേറോ അഭിപ്രായപ്പെട്ടത്.

"മമതാ ബാനർജി നരേന്ദ്ര മോദിക്കെതിരായി കടുത്ത പോരാട്ടം നടത്തി. ബംഗാളിൽ ബിജെപിക്കെതിരായി മമത ഫോർമുല മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു,"- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ബംഗാളിൽ 200 യോഗങ്ങളാണ് നടത്തിയത്. അമിത് ഷാ 250 യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിന. പിന്നെ ഇഡി, സിബിഐ എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഫലം പുറത്ത് വന്നപ്പോള്‍ മമത വിജയം സ്വന്തമാക്കുന്നതാണ് കണ്ടതെന്നും യിസിൻഹൊ ഫലേറോ പറഞ്ഞു.
താൻ കോൺഗ്രസ് വിടുമോ എന്ന് പലരും തന്നോട് ചോദിക്കുന്നുണ്ടെന്ന് ഫറഞ്ഞ ഫലെറോ ' ഒരു കാരണവശാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല. ഞാൻ കോൺഗ്രസ് കുടുംബത്തിൽ പെട്ടയാളാണ്, ഞാൻ എപ്പോഴും കോൺഗ്രസിനൊപ്പമുണ്ടാകും, എന്നാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവെച്ചു, കാരണം സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസ് കുടുംബം കെട്ടിപ്പടുക്കാനും ഉറപ്പിക്കാനും ശക്തിപ്പെടുത്താനും ഏകീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നും'-എന്നും കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് ആരുടേയും കുത്തകയല്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളടക്കം പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ഈ കോൺഗ്രസ് കുടുംബം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്, എൻ സി പി നേതാവ് ശരത് പവാർ എന്നിവര്‍ക്ക് അവരുടേതായ കോണ്‍ഗ്രസ് പാര്‍ട്ടികളുണ്ട്. ഇന്ദിരാ കോൺഗ്രസ് എന്ന എന്റെ പാർട്ടിയിൽ കോൺഗ്രസ് ഉണ്ടായിരുന്നു, എന്നാൽ കുടുംബം പിളർന്നാൽ അത് ദുർബലമാകുമെന്നും ഫലേറോ പറഞ്ഞു.
കോൺഗ്രസ് തത്ത്വചിന്ത, കോൺഗ്രസ് പ്രത്യയശാസ്ത്രം, കോൺഗ്രസ് തത്വങ്ങൾ, കോൺഗ്രസ് പരിപാടികൾ എന്നിവ എനിക്ക് ഇപ്പോഴും എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ഒരിക്കൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ കോൺഗ്രസ് ഇന്ന് ദുർബലമാണ്. ഗോവയിലും കേന്ദ്രത്തിലും ശക്തമായ തിരിച്ച് വരവ് ഉണ്ടാവേണ്ടതുണ്ട്. അതിനായുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായി ആര് ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ സുപ്രധാനമായ ചുവടുവെയ്പ്പ് നടത്താന്‍ മമത ബാനര്‍ജി ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉടൻ തന്നെ മമത ബാനർജിയും സംഘവും ഗോവ സന്ദർശിക്കുമെന്നും സൂചനയുണ്ട്. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് ഗോവയിലും മമത തന്ത്രങ്ങള്‍ മെനയുന്നത്.












Click it and Unblock the Notifications