ബിബിസി ഡോക്യുമെന്ററി നിരോധനം നിർഭാഗ്യകരം; രൂക്ഷവിമർശനവുമായി മുൻ ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ
ബി ബി സി ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് അതിലേറെ നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയ നടപടിയിൽ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ. ഡോക്യുമെന്ററി നിരോധിച്ചത് നിർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കുറ്റപ്പെടുത്തി. ബി ബി സി ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് അതിലേറെ നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. 'അഭിപ്രായ സ്വാതന്ത്ര്യം,സമകാലിക വെല്ലുവിളികൾ' വിഷയത്തിൽ അഹമ്മദാബാദിൽ വെച്ച് നടന്ന അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു നരിമാൻ.
'അടുത്തിടെ നമ്മുടെ ശ്രദ്ധ പിടിച്ച് പറ്റിയ രണ്ട് ബിബിസി ഡോക്യുമെന്ററികളെ കുറിച്ചാണ് ഞാനിവിടെ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് കലാപ കാലത്ത് എന്തു ചെയ്തു, അല്ലെങ്കിൽ എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഒരു ഡോക്യുമെന്ററി.
രണ്ടാമത്തെ ഡോക്യുമെന്ററി, നമ്മുടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ നയിക്കുന്നതിനെ കുറിച്ചും വിഭജന രാഷ്ട്രീയം കളിക്കുന്നതിനെ കുറിച്ചും പരാമർശിക്കുന്നതാണ്. പൗരത്വ നിയമഭേദഗതിയെ കുറിച്ചും പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിനെ കുറിച്ചുമെല്ലാം പ്രതിപാദിച്ച് കൊണ്ടാണ് ബിബിസിയുടെ ഈ ഡോക്യുമെന്ററി. ഡോക്യുമെൻററികൾ നിരോധിച്ചത് കൊണ്ട് അതു കൂടുതൽ ആളുകളെ കാണാൻ പ്രേരിപ്പിക്കുകയാണ് ചെയ്തത്. കാരണം എന്തെങ്കിലും വിവാദങ്ങളും പ്രശ്നങ്ങളും ഉള്ള കാര്യങ്ങളായിരിക്കുമല്ലോ നിരോധിക്കുക. യുട്യബിൽ നിന്ന് നിരോധിച്ചാൽ മറ്റൊരാൾ മറ്റേതെങ്കിലും പ്ലറ്റ്ഫോമിൽ മറ്റൊരാൾ അത് പങ്കുവെയ്ക്കും',നരിമാൻ പറഞ്ഞു.
ഡോക്യുമെൻരറി നിരോധിച്ച നടപടി തന്നെ നിർഭാഗ്യകരമായിരുന്നു. അതിനേക്കാൾ നിർഭാഗ്യകരമായിരുന്നു അതിന് ശേഷം ബിബിസി ഓഫീസുകൾക്കെതിരായ ആദായ നികുതി വകുപ്പ് നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പോലുള്ള സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള ഇത്തരം നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications