ആറ് വയസുകാരന്‍ ചായയുണ്ടാക്കി; കുടിച്ച നാല് പേര്‍ക്കും ദാരുണാന്ത്യം, ഞെട്ടല്‍ മാറാതെ കുടുംബം
ലക്‌നൗ: വീട്ടില്‍ വച്ച് ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായ കുടിച്ച് നാല് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചായയില്‍ കീടനാശിനി കലര്‍ന്നതാണ് മരണത്തിന് കാരണമായത്. രണ്ട് കുട്ടികള്‍ അടക്കം നാല് പേരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ഗുരുകതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടിലെ ആറ് വയസുകാരന്‍ തയ്യാറാക്കിയ ചായ കഴിച്ചാണ് നാല് പേരും മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ശിവാംഗ് (6),. ദിവാംഗ് (5), രവീന്ദ്ര സിംഗ് (55) , സോബ്രന്‍ സിംഗ് എന്നിവരാണ് മരിച്ചത്. അടുക്കളയില്‍ നിന്ന് തിളയ്ക്കുന്ന വെള്ളത്തില്‍ അബദ്ധത്തില്‍ കുട്ടി ചായപ്പൊടിക്ക് പകരം കീടനാശിനി ഇടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ചായ കഴിച്ച അഞ്ച് പേരില്‍ നാല് പേര്‍ മരിച്ചു. കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെങ്കിലും കുട്ടി അബദ്ധത്തില്‍ തേയിലയില പോലെ തോന്നിക്കുന്ന കീടനാശിനി വെള്ളത്തില്‍ ചേര്‍ത്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി ചായ ഉണ്ടാക്കാന്‍ പോയപ്പോള്‍ അമ്മ പശുവിനെ കറക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മെയിന്‍പുരിയിലെ നഗ്ല കന്‍ഹായ് ഗ്രാമത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പിതാവിനുമൊപ്പം താമസിച്ചിരുന്ന ശിവാനന്ദന്റെ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യാപിതാവ് രവീന്ദ്ര സിംഗ് വീട്ടിലെത്തിയപ്പോള്‍ മുത്തച്ഛന് ചായ ഉണ്ടാക്കിക്കൊടുത്തതായിരുന്നു ആറ് വയസുകാരന്‍ ശിവാംഗ്.

രവീന്ദ്ര സിംഗ് , ശിവാനന്ദന്‍ , ശിവംഗ് , ദിവാങ് എന്നിവരുള്‍പ്പെടെ എല്ലാവരും ആ സമയത്ത് ചായ കഴിച്ചു. അയല്‍വാസിയായ സോബ്രന്‍ സിംഗ് അവിടെയെത്തി ചായ കുടിച്ചിരുന്നു. താമസിയാതെ അഞ്ചുപേരും അസ്വസ്ഥരായി, അവരുടെ ആരോഗ്യം വഷളായതിനെത്തുടര്‍ന്ന്, അവരെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു, അവിടെ രവീന്ദ്ര സിംഗ്, ശിവംഗ്, ദിവാങ് എന്നിവര്‍ മരിച്ചു.

സോബ്രാന്‍ സിങ്ങിനെയും ശിവ് നന്ദന്‍ സിങ്ങിനെയും സഫായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, അവിടെ ചികിത്സയ്ക്കിടെ സോബ്രാന്‍ സിംഗ് മരിച്ചു, ഇതോടെ മരണസംഖ്യ നാലായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കീടനാശിനിയാണെന്ന് പറയപ്പെടുന്ന വസ്തുക്കളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്












Click it and Unblock the Notifications