ജി20 അത്താഴ വിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല, ജാതി വിവേചനം, മോദി മനുവാദിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജി20 യോഗത്തിന്റെ ഭാഗമായുള്ള അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല. വലിയ വിവാദമായിരിക്കുകയാണ് ഈ തീരുമാനം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. എന്നാല്‍ വിരുന്നിലേക്ക് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെയും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ക്ഷണിച്ചിട്ടുണ്ട്.
ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ദേവഗൗഡ അറിയിച്ചിരിക്കുന്നത്. അതേസമയം മന്‍മോഹന്‍ സിംഗും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം നിതീഷ് കുമാര്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഖാര്‍ഗെയെ ക്ഷണിക്കാത്തതിന് കാരണം ജാതി വിവേചനമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മനുവാദിയാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് മോഹന്‍ കുമാരമംഗലം ആരോപിച്ചു. ദളിത് നേതാവായത് കൊണ്ടാണ് ഇത്ര വലിയൊരു ചടങ്ങിലേക്ക് ഖാര്‍ഗെയെ ക്ഷണിക്കാതിരുന്നതെന്ന് മോഹന്‍ കുമാരമംഗലം ആരോപിച്ചു. മനുവിന്റെ പാരമ്പര്യം പിന്തുടരുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന മനുസ്മൃതി രചിച്ച മനുവിന്റെ ആശയങ്ങളെ പിന്തുടരുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്നും കുമാരമംഗലം പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ അവരുടെ സുപ്രധാന പരിപാടികള്‍ക്കാന്നും പിന്നോക്ക വിഭാഗക്കാരെ ക്ഷണിക്കാറില്ലെന്നും, അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും കുമാരമംഗലം പറയുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ചിട്ടില്ല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചിരുന്നില്ല. ഇതെല്ലാം ജാതി വിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്നും മോഹന്‍ കുമാരമംഗലം പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ അവര്‍ വില വെക്കുന്നില്ല. ജി20 യോഗത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചിട്ടില്ല. രാജ്യത്തെ 60 ശതമാനം ജനതയെ കേന്ദ്രം വില മതിക്കുന്നില്ലെന്നാണെന്ന് ഇത് സൂചിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ശനിയാഴ്ച്ചയാണ് ജി20 അത്താഴ വിരുന്ന് നടക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിമാര്‍ എന്നിവരെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്. അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം കാണാനും സാധ്യതയുണ്ട്. 2022 ജൂലായിക്ക് ശേഷം മോദിയുമായുള്ള നിതീഷിന്റെ ആദ്യ കൂടിക്കാഴ്ച്ചയായിരിക്കും ഇത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ പ്രമുഖരെയൊന്നും ക്ഷണിച്ചിട്ടില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ പേര് ഇന്ത്യയില്‍ നിന്ന് ഭാരതമാക്കാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിനെ അടക്കം കേന്ദ്രം അത്താഴ വിരുന്നില്‍ നിന്ന് തഴഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications