ജി20 യോഗം: നോയിഡയിലെ ചേരിപ്രദേശത്തെ മറച്ച് അധികൃതർ; കച്ചവടത്തെ ബാധിച്ചെന്ന് കടയുടമകള്‍
ന്യൂഡല്‍ഹി: ജി20 ഉച്ചകോടി ആരംഭിക്കാനിരിക്കെ നോയിഡയില്‍ നടക്കുന്ന മോടി പിടിപ്പിക്കലില്‍ വലിയ പരാതി. നോയിഡയിലെ ചേരിപ്രദേശങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ നടന്നത്. വലിയ ഗ്രില്‍ വെച്ച് ഈ ചേരിപ്രദേശം ഒന്നാകെ മറച്ചുപിടിച്ചിരിക്കുകയാണ്. ഭൂരിഭാഗം ചേരിപ്രദേശങ്ങളിലെ കാഴ്ച്ച ഇതാണ്. നോയിഡയിലെ സെക്ടര്‍ 16ന് സമീപത്തായി ഇവ കാണാനാവും.
ജി20 യോഗത്തിന്റെ ഭാഗമായി നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തങ്ങളുടെ കച്ചവടത്തെ ഇത് ബാധിക്കുന്നതായി കടയുടമകള്‍ പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് ആകെ പ്രശ്‌നങ്ങള്‍ ഇവ സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകള്‍ക്ക് പിന്നിലായിരിക്കുകയാണ് തന്റെ അമ്മയുടെ പാല്‍ കടയെന്ന് വ്യാപാരിയായ മുഹമ്മദ് സലീം പറയുന്നു. ഉപയോക്താക്കളൊന്നും കടയിലേക്ക് വരാതായിരിക്കുകയാണ്.

പുതിയ മാറ്റങ്ങള്‍ വന്നതോടെ കട ആരും കാണാത്ത അവസ്ഥയിലാണ്. ആ ഗ്രില്ലുകള്‍ ഒരു തുണിവെച്ച് മറച്ചിരിക്കുകയാണ്. ഇതിലൂടെ ജി20യില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് ഈ ചേരിപ്രദേശം കാണാന്‍ സാധിക്കില്ല. ചേരിയില്‍ താമസിക്കുന്ന പാവപ്പെട്ടവരെയാണ് ഇവര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് സലീം പറഞ്ഞു. ഒരു മാസത്തോളമായി ഈ മോടി പിടിപ്പിക്കല്‍ നടക്കുന്നു. അത്രയും ദിവസങ്ങളായി നഷ്ടം സഹിക്കുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു.
ഏരിയ മുഴുവന്‍ അധികൃതര്‍ മൂടിയിരിക്കുകയാണ്. ശരിക്കും ജയില്‍ പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഇവിടെ താമസിക്കുന്ന വീട്ടമ്മയായ രാജ് കുമാരി പറയുന്നു. ജി20യുടെ പ്രധാന വേദിക്ക് സമീപത്തുള്ള ചേരി നേരത്തെ തന്നെ അധികൃതര്‍ പ പൊളിച്ചുമാറ്റിയിരുന്നു. ഉച്ചകോടിയുടെ ദിവസങ്ങളില്‍ കടകള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്.
ലോകനേതാക്കളും, പ്രതിനിധികളും സഞ്ചരിക്കാന്‍ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപത്തായിട്ടുള്ള ചേരികളാണ് അധികൃതര്‍ മറയ്ക്കുന്നത്. ഡല്‍ഹി പോലീസിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ നടക്കുന്നത്. ഡല്‍ഹിയിലെ ചേരികളും, ഗലികളും എന്ത് വന്നാലും ലോകരാഷ്ട്ര നേതാക്കള്‍ കാണരുതെന്ന തീരുമാനത്തിലാണിത്.
പൊളിച്ചുമാറ്റാതെ മറച്ചുവെക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ വ്യാപാരികളെയും, ഇവിടെയുള്ള താമസക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഗല്ലികള്‍ മറച്ച ശേഷം അവിടെ ജി20യുടെ ബോര്‍ഡ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. എയര്‍പോര്‍ട്ട് മുതല്‍ പ്രകൃതി മൈതാന്‍ വരെയുള്ള സ്ഥലങ്ങലാണ് മറച്ചിരിക്കുന്നത്. അതിന് ശേഷമാണ് പ്രധാന റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ മറച്ചിരിക്കുന്നത്.
ജി20യുടെ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ ഇവിടെ ചേരികള്‍ ഉണ്ടെന്ന് പോലും കാണാന്‍ സാധിക്കില്ല. ബബ്ലു കുമാര്‍ എന്ന യുവാവിന്റെ പച്ചക്കറികളും, പഴങ്ങളും വില്‍ക്കുന്ന കടയും അടച്ച് പൂട്ടിയിരിക്കുകയാണ്. എന്താണ് കാരണം പോലും അധികൃതര്‍ പറയുന്നില്ല. ടെന്‍ഡര്‍ നേരത്തെ നല്‍കിയിരുന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന മോടി പിടിപ്പിക്കല്‍ മാറ്റാനാവില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ബബ്ലു കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications