ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുല്‍ ഗാന്ധി, രൂക്ഷവിമർശനം
ഭാരത് ജോഡോ യാത്ര തന്നെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ സമാപന ദിവസം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. അദാനി വിഷയം അടക്കം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തിനാണ് പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ അദാനിക്ക് പ്രതിരോധം തീര്‍ക്കുന്നത് എന്നും രാഹുല്‍ ചോദിച്ചു.
ഞാന്‍ പാര്‍ലമെന്റില്‍ ഗൗതം അദാനിയെ വിമര്‍ശിക്കുകയും എന്നാണ് പ്രദാനമന്ത്രിക്ക് അദ്ദേഹവുമായുളള ബന്ധം എന്ന് ചോദിക്കുകയും ചെയ്തു. പിന്നാലെ സര്‍ക്കാരും മന്ത്രിമാരും ആ ബിസിനസ്സുകാരനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നു. പാര്‍ലമെന്റില്‍ ഒരാള്‍ക്കും അദാനിയെ കുറിച്ച് ചോദ്യം ചോദിക്കാന്‍ കഴിയില്ല. സത്യം പുറത്ത് വരുന്നത് വരെ തങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കും, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

എനിക്ക് അദാനിയോട് പറയാനുളള ഈ കമ്പനി രാജ്യത്തെ ദ്രോഹിച്ച് കൊണ്ടിരിക്കുകയാണ് എന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തട്ടിയെടുക്കുകയാണ് എന്നുമാണ്. രാജ്യത്തിന്റെ സമ്പത്ത് കൊളളയടിച്ച ഒരു കമ്പനിക്ക് എതിരെയായിരുന്നു സ്വാതന്ത്ര്യ സമരം. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇത് രാജ്യത്തിന് എതിരെയുളള പ്രവര്‍ത്തനമാണ്. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന് എതിരെ നില്‍ക്കും എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ ആണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. വിദേശകാര്യ വകുപ്പ് മന്ത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു ഇന്ത്യ ചൈനയേക്കാള്‍ ചെറിയ സാമ്പത്തിക ശക്തിയാണ് എന്ന്. അതുകൊണ്ട് എങ്ങനെയാണ് നമുക്ക് അവരോട് മത്സരിക്കാനാവുകയെന്ന്. ബ്രിട്ടീഷുകാരോട് നമ്മള്‍ പൊരുതുമ്പോള്‍ ഇന്ത്യ അവരേക്കാള്‍ വലിയ സാമ്പത്തിക ശക്തി ആയിരുന്നോ. ജയശങ്കറിന്റെ വാക്കുകള്‍ ദേശീയത അല്ല, ഭീരുത്വമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ ജോഡോ യാത്രയില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഞാന്‍ ഈ രാജ്യത്തിന് വേണ്ടി നടന്നു. യാത്രയ്ക്കിടെ ആയിരക്കണക്കിന് ആളുകള്‍ താനുമായും മറ്റ് നേതാക്കളുമായും ബന്ധപ്പെട്ടു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ഞാന്‍ കേട്ടു, അവരുടെ വേദന മനസ്സിലാക്കി, രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര എത്തിയപ്പോള്‍ വീട്ടിലെത്തിയത് പോലെയാണ് തോന്നിയത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 52 വര്‍ഷമായിട്ടും തനിക്ക് ഇന്നും ഒരു വീടില്ല. പക്ഷേ കശ്മീരിലെത്തിയപ്പോള്‍ വീട്ടിലെത്തിയത് പോലെ തോന്നി. യാത്രയുടെ ലക്ഷ്യം എല്ലാ ജാതിയിലും പ്രായത്തിലുമുളളവര്‍ക്കും ഐക്യം തോന്നിക്കാനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications