ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം? തൃണമൂലിൽ ലയിക്കുമെന്ന പ്രചരണങ്ങളെ തള്ളി ജിഎഫ്പി
പനാജി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് തൃണമൂൽ. പ്രാദേശിക പാർട്ടികളെ ഉൾപ്പെടെ ഒപ്പം കൂട്ടി ഭരണം പിടിക്കാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
സംസ്ഥാനത്തെ പ്രധാന കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ഗോവൻ ഫോർവേഡ് പാർട്ടിയുമായും തൃണമൂൽ സഖ്യത്തിന് ശ്രമം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജിഎഫ്പി തിരഞ്ഞെടുപ്പിന് മുൻ തൃണമൂലിൽ ലയിച്ചേക്കുമെന്നുള്ള വാർത്തകളും ഉണ്ടായിരു്നു. എന്നാൽ ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് പാർട്ടി തലവൻ വിജയ് സർദേശി.

തൃണമൂൽ കോൺഗ്രസിന് വേണ്ടി ഗോവയിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോർ സഖ്യത്തിനായി ജിഎഫ്പിയുമായി ചർച്ച നടത്തിയിരുന്നു. ലയനമായിരുന്നു പ്രശാന്ത് പാർട്ടിക്ക് മുന്നിൽ വെച്ച നിർദ്ദേശം. എന്നാൽ തൃണമൂലുമായി പ്രചരണത്തിന് തയ്യാറാല്ലെന്ന് വിജയ് സർദേശായി പറഞ്ഞു. ഒരു പാർട്ടിയുമായും ലയിക്കുന്നതിനെ ഞങ്ങൾ അനുകൂലിക്കുന്നില്ല. ഞങ്ങൾ ഒരുപക്ഷേ തുടക്കക്കാരായിരിക്കാം. പക്ഷേ ഞങ്ങൾ പരാജയപ്പെട്ടവരല്ല, സർദേശായി പറഞ്ഞു.

മറ്റേതെങ്കിലും പാർട്ടിയുമായി ലയിച്ചാൽ ഗോവയിലെ ജനങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. നരകാസുരൻമാരായ ബി.ജെ.പിയെ നേരിടാൻ തയ്യാറുള്ള ഏത് പാർട്ടിയുമായും സഖ്യത്തിന് ഞങ്ങൾ തയ്യാറാണെന്നും സർദേശായി വ്യക്തമാക്കി. അതേസമയം കോൺഗ്രസുമായി സഖ്യത്തിലെത്തുമോയെന്ന ചോദ്യത്തിന് സഖ്യം സംബന്ധിച്ച് തങ്ങൾ കോൺഗ്രസിനെ താത്പര്യം അറിയിച്ചിരുന്നു. തിരുമാനമെടുക്കാൻ ദിപാവലി വരെ കോൺഗ്രസിന് സമയം ഉണ്ടെന്നും സർദേശായി പറഞ്ഞു.

കോൺഗ്രസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. അവർക്ക് ദീപാവലി വരെ സമയം ഉണ്ട്. നേരത്തേ ചതുര് ത്ഥി വരെ ഞങ്ങൾ അവർക്ക് സമയം നൽകിയിരുന്നു, എന്നാൽ ചർച്ച നടത്തി അന്തിമ തിരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമായിരുന്നു അവർ ഉന്നയിച്ചത്. ദീപാവലിക്ക് മുമ്പ് അവർ പ്രതികരിച്ചില്ലെങ്കിൽ, 2022-ൽ ഈ അഴിമതി നിറഞ്ഞ ബിജെപി സർക്കാരിനെ താഴെയിറക്കുന്ന കാര്യം അവർ മറക്കണം, വിജയ് ദേശായി പറഞ്ഞു.

ബിജെപിക്കെതിരായ വോട്ടുകൾ വിഭജിക്കാതിരിക്കാൻ സഖ്യം സംബന്ധിച്ച് നിർണായക തിരുമാനങ്ങൾ കൈക്കൊണ്ടേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാകക്ി. 2016 ൽ ജിഎഫ്പിയുടെ കൂടി പിന്തുണയോടെയായിരുന്നു ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്. എന്നാൽ 2019 ൽ മനോഹർ പരീഖറിന്റെ മരണത്തോടെ 3 അംഗങ്ങളുടെ ജിഎഫ്പിയെ ബിജെപി തഴഞ്ഞു. തുടർന്ന് അവർ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയായിരുന്നു.

അതിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വിജയ് സർദേശായി പറഞ്ഞു. മമത സംസ്ഥാനത്ത് എത്തുന്നുണ്ടെങ്കിലും കൂടിക്കാഴ്ച നടത്താൻ തിരുമാനിച്ചിട്ടില്ല. ഗോവക്കാർ തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വളരെ ബോധമുള്ളവരാണ്. ബംഗാളിൽ ബിജെപിക്കെതിരായ ദീദിയുടെ പോരാട്ടത്തെ അവർ അഭിനന്ദിക്കുന്നു, എന്നാൽ അതിനർത്ഥം അവർ സ്വന്തം വ്യക്തിത്വം ഉപേക്ഷിക്കുമെന്നല്ല, വിജയ് ദേശായി പറഞ്ഞു.

അതേസമയം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക കക്ഷികളുമായി സഖ്യം വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. 2017 ആവർത്തിക്കാതിരിക്കാൻ സഖ്യം അനിവാര്യമാണെന്നാണ് നേതാക്കളുടെ ആവശ്യം. തൃണമൂൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലെത്തിയാൽ അത് കനത്ത ക്ഷീണമാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ജി എഫ് പിയുമായും ശിവസേനയുമായും എൻ സി പിയുമായും സഖ്യത്തിലെത്തണമെന്ന നിർദ്ദേശമാണ് നേതാക്കൾ ഉയർത്തുന്നത്.

കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചന എൻസിപി നൽകിയിരുന്നു. കോൺഗ്രസ് സഖ്യത്തിന് തയ്യാറായാൽ ശിവസേനയും സഖ്യത്തിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്.












Click it and Unblock the Notifications