എന്‍ഡിഎയ്ക്ക് അവസരം നല്‍കൂ, പുതിയ പഞ്ചാബിനെ തിരിച്ചുനല്‍കാം; വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി
ജലന്ധര്‍: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ എന്‍ഡിഎയ്ക്ക് ഒരു അവസരം തന്നാല്‍ പുതിയൊരു പഞ്ചാബിനെ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസം പഞ്ചാബിലേക്ക് വരുന്നതിനിടെ ഫിറോസ്പൂരില്‍ വച്ച് പ്രധാനമന്ത്രിയെ തടഞ്ഞിരുന്നു. ഇതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പഢ്ചബില്‍ എത്തുന്നത്.

ഒരു അവസരം ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ ഒരു പുതിയ പഞ്ചാബിനെ നല്‍കുമെന്ന് ജലന്ധറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു. കടവും അഴിമതിയും മയക്കുമരുന്നും ഇല്ലാത്ത നവ പഞ്ചാബ് കെട്ടിപ്പടുക്കാന്‍ അടുത്ത അഞ്ച് വര്‍ഷം എന്‍ഡിഎയ്ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ റാലിയാണിത്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സംസ്ഥാനത്ത് സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനിടെ സുരക്ഷ വേണമെന്ന തന്റെ അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ പരിപാടിക്ക് ശേഷം ത്രിപുരമാലിനി ദേവി ശക്തിപീഠത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഭരണകൂടവും പോലീസും പറഞ്ഞു. ഇതാണ് ഇവിടുത്തെ സര്‍ക്കാരിന്റെ അവസ്ഥ. എന്നാല്‍ ഞാന്‍ തീര്‍ച്ചയായും ശക്തിപീഠത്തില്‍ പ്രാര്‍ത്ഥിക്കും - പ്രധാനമന്ത്രി പറഞ്ഞു.

ദില്ലിയിലെ ഒരു കുടുംബം പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുകയാണെന്ന് പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ ഉത്തരവനുസരിച്ചാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പഞ്ചാബ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടതുകൊണ്ടാണ് അമരീന്ദര്‍ സിങ്ങിന് പാര്‍ട്ടി വിടേണ്ടി വന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന ഒരു കുടുംബത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെപ്പോലും പുറത്താക്കും വരെ അവര്‍ ഇടപെട്ടുകൊണ്ടിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം, ശക്തമായ തിരഞ്ഞെടുപ്പ് പ്രാചാരണമാണ് പഞ്ചാബില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച പുറത്തിറക്കിയ ബി ജെ പി പ്രകടനപത്രിക, സംസ്ഥാനത്തെ യുവാക്കള്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളിലും 75 ശതമാനം സംവരണം, തൊഴിലില്ലായ്മ വേതനം, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കായി ഒരു ഒട്ടേറെ പദ്ധതികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ ബിരുദധാരികള്‍ക്കും അവരുടെ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ വേതനം പ്രതിമാസം 4,000 രൂപ നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നു.












Click it and Unblock the Notifications