രാമക്ഷേത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസും?
അഹമ്മദാബാദ്: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അയോധ്യയിലെ രാമക്ഷേത്രത്തെയും ഏകീകൃത സിവില്‍ കോഡിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിംഗ് വഗേലയാണ് രാമക്ഷേത്രത്തെയും ഏകീകൃത സിവില്‍കോഡിനെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ നരേന്ദ്ര മോദിയെയും വഗേല മുക്തകണ്ഠം പ്രശംസിച്ചു. ഗുജറാത്ത് കലാപത്തില്‍ മോദി തെറ്റുകാരനാണ് എന്നാണ് താന്‍ കരുതിയത്. എന്നാല്‍ കലാപത്തില്‍ മോദി തെറ്റുകാരനല്ല എന്ന് പിന്നീട് മനസിലായി. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. നമ്മുടെ മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പോകുകയാണ് - മോദിക്ക് ഗുജറാത്ത് അസംബ്ലിയില്‍ നല്‍കിയ വിടവാങ്ങലില്‍ വഗേല പറഞ്ഞു.

ബി ജെ പിയുടെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ ഇനിയെങ്കിലും പൂര്‍ത്തിയാക്കാമെന്നും വഗേല തമാശരൂപേണ പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കാം, കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാം, ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുത്താം. ഭൂരിപക്ഷമില്ല എന്ന് പരാതി പറയരുത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് ഭൂരിപക്ഷമുണ്ട് - വഗേല പറഞ്ഞു.
എന്നാല്‍ ശങ്കര്‍ സിംഗ് വഗേലയുടെ വാക്കുകളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. വഗേലയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടില്ല. തമാശയ്ക്കാണോ അദ്ദേഹം അത് പറഞ്ഞത് എന്നറിയില്ല - കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഗുജറാത്തില്‍ ആകെയുള്ള 26 ലോക്‌സഭ സീറ്റുകളും ബി ജെ പി തൂത്തുവാരിയിരുന്നു.












Click it and Unblock the Notifications