ആള്‍ദൈവത്തിന്റെ ആശ്രമത്തിലെ സ്ത്രീയും കുട്ടിയും മരിച്ചു
ബര്‍വാല: അറസ്റ്റ് ഒഴിവാക്കി ഒളിച്ചുനടക്കുന്ന ആള്‍ദൈവം രാംപാലിന്റെ ബര്‍വാലയിലെ ആശ്രമത്തില്‍ നിന്നും ഭക്തര്‍ ഒഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട്. ആശ്രമത്തിലെ അന്തേവാസികളായിരുന്ന ഒരു സ്ത്രീയും കുട്ടിയും മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആവശ്യത്തിന് വൈദ്യശുശ്രൂക്ഷ കിട്ടാതെയാണ് ഇവര്‍ മരിച്ചതത്രെ. ആശ്രമത്തിലെ അന്തേവാസികളായ ഇവര്‍ ഹിസാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച രാംപാലിന്റെ ഭക്തരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ 110 പോലീസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ആശ്രമത്തിനകത്ത് ഒറ്റപ്പെട്ടുപോയ ഭക്തരാണ് ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിലധികം ആളുകളാണ് ആശ്രമ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത് എന്നാണ് ജില്ലാ അധികാരികള്‍ പറയുന്നത്.

ആശ്രമം വിട്ടുപോകുന്നവര്‍ക്ക് വേണ്ടി ഹിസാര്‍, ഹന്‍സി, ബര്‍വാല റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെത്താനായി വാഹന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പന്ത്രണ്ടേക്കറുള്ള ആശ്രമം കോംപ്ലക്‌സില്‍ ഇപ്പോഴും ഭക്തന്‍മാര്‍ തമ്പടിച്ചിട്ടുണ്ട്. ബാബ രാംപാല്‍ ആശ്രമത്തിനകത്ത് ഒളിച്ചിരിക്കുന്നുണ്ട് എന്നും ഇല്ലെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളെ ആശ്രമത്തിലെ വോളന്റിയര്‍മാര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു എന്നാണ് ആശ്രത്തിന് അകത്തുനിന്നും പുറത്തേക്ക് വരുന്നവരില്‍ ഭൂരിഭാഗവും പറയുന്നത്. കൊലപാതകവും കോടതിയലക്ഷ്യവും അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് രാംപാലിനെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.












Click it and Unblock the Notifications