സാമ്പത്തിക രംഗത്തെയും തകർത്ത് കൊവിഡ്, സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി!
ദില്ലി: രാജ്യം കൊവിഡ് 19 ഭീതിയില്‍ അമര്‍ന്നിരിക്കേ ജനങ്ങളോട് സുപ്രധാന നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്ക് വെച്ചിരിക്കുന്നത്. സ്വയം സുരക്ഷിതരായിരിക്കുന്നതിനൊപ്പം മറ്റുളളരും സുരക്ഷിതരാണ് എന്ന് ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളിയിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സാമ്പത്തിക ദ്രുതകര്‍മ്മ സേനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യസേന അടിയന്തര ഇടപെടലുകള്‍ നടത്തുക. എല്ലാ സംസ്ഥാനങ്ങളുമായും വ്യവസായികളുമായും ദ്രുതകര്‍മ്മ സേന ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുളള ധൈര്യം എല്ലാവരും കാണിക്കണം. ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുളള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഉണ്ടാകണം. മനുഷ്യത്വമാണ് വിജയിക്കേണ്ടത്. ഇന്ത്യയാണ് വിജയിക്കേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് സ്വയം രക്ഷിക്കാം, രാജ്യത്തേയും ലോകത്തേയും രക്ഷിക്കാം.

ആശുപത്രികളിലും മറ്റ് അവശ്യ സേവന കേന്ദ്രങ്ങളിലും അനാവശ്യ തിരുക്കുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസേനെയുളള ചെക്കപ്പ് പോലുളള കാര്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അത്രയും അത്യാവശ്യമാണെങ്കില്‍ സുഹൃത്തുക്കളായ ഡോക്ടര്‍മാരോട് ഫോണില്‍ സംസാരിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. അത്യാവശ്യം അല്ലെങ്കില്‍ സര്‍ജറികളൊക്കെ മാറ്റി വെക്കണം എന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ തുരത്താന്‍ ഏറ്റവും പ്രധാനമായി വേണ്ടത്. കൊവിഡ് ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications