നരേന്ദ്രമോഡിക്ക് ഇന്ത്യന്‍ മുജാഹിദിന്റെ വധഭീഷണി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് വധ ഭീഷണി. നിരോധിത തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണ് നരേന്ദ്രമോഡിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഹിറ്റ് ലിസ്റ്റില്‍ മോഡി ഒന്നാമതാണ് എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പഞ്ചാബിലെ റാലിയടക്കം നരേന്ദ്രമോഡി പങ്കെടുക്കാനിടയുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സ്‌ഫോടനത്തിന് സാധ്യതയുള്ളതായും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പറയുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ മോഡിക്കുള്ള സുരക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ നരേന്ദ്രമോഡി പങ്കെടുത്ത ബിഹാറിലെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സീരിയല്‍ ബോംബ് സ്‌ഫോടനങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനില്‍ നിന്നും സമാനമായ സൂചനകള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.
വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കുന്ന മോഡിക്ക് വേണ്ടി ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ട രാജ്യത്തിന് നരേന്ദ്ര മോഡിയെപ്പോലെ ഒരു നേതാവിന് എന്തെങ്കിലും അപകടം സംഭവിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല.
2002 ലെ ഗുജറാത്ത് കലാപമാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതിന് കാരണം എന്നാണ് കരുതപ്പെടുന്നത്. ആയിരത്തിലധികം പേരാണ് 2002 ലെ കലാപത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ലിസ്റ്റില്‍ മോഡി മാത്രമാണ് എന്ന് പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ തുറന്നുപറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സ്വാതന്ത്ര്യം കിട്ടിയതിന് തൊട്ടുപിന്നാലെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, 1984 ല്‍ ഇന്ദിരാഗാന്ധി, 91 ല്‍ രാജീവ് ഗാന്ധി എന്നിങ്ങനെ പോകുന്നു ഇന്ത്യയില്‍ കൊല്ലപ്പെട്ട പ്രമുഖ നേതാക്കളുടെ നിര.












Click it and Unblock the Notifications