ഇനി ആളുകളുടെ കൈയില്‍ പണമെത്തും.. പ്രതീക്ഷിക്കുന്നത് 2 ലക്ഷം കോടി; ജിഎസ്ടി പരിഷ്‌കാരത്തില്‍ ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം എത്തും എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
'രണ്ട് സ്ലാബുകള്‍ (5% ഉം 18% ഉം) മാത്രമുള്ള ഈ പുതിയ തലമുറ നികുതി വ്യവസ്ഥയിലൂടെ സമ്പദ്വ്യവസ്ഥയിലേക്ക് 2 ലക്ഷം കോടി രൂപയാണ് വരാന്‍ പോകുന്നത്. ആളുകളുടെ കൈയില്‍ പണമുണ്ടാകും,' ബുധനാഴ്ച വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിയില്‍ ധനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സെപ്റ്റംബര്‍ 22 ന് മുമ്പുതന്നെ, ഇന്ത്യാ ഇന്‍കോര്‍പ്പറേറ്റഡ് സ്വമേധയാ മുന്നോട്ട് വന്ന് ജിഎസ്ടി നിരക്ക് കുറയ്ക്കലിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 4-ന്, സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ സോപ്പുകള്‍ മുതല്‍ ചെറുകാറുകള്‍ വരെയുള്ള നൂറുകണക്കിന് ഇനങ്ങളുടെ ലെവികള്‍ കുറയ്ക്കുകയും ജി എസ് ടി ഘടനയെ നാലില്‍ (5%, 12%, 18%, 28%) നിന്ന് വെറും രണ്ട് സ്ലാബുകളായി (5%, 18%) യുക്തിസഹമാക്കുകയും ചെയ്തിരുന്നു. 2017 ജൂലൈ 1-ന് ചരക്ക് സേവന നികുതി ആദ്യമായി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിത്.
ഇതിന്റെ ഫലമായി, 12% ജിഎസ്ടി സ്ലാബിന് കീഴിലുള്ള 99% സാധനങ്ങളും ഇപ്പോള്‍ 5% നികുതിയിലേക്കും 28% സ്ലാബിന് കീഴിലുള്ള 90% ഇനങ്ങളും ഇപ്പോള്‍ 18% നികുതിയിലേക്കും മാറി. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി പരിഷ്‌കാരത്തെ അഞ്ച് ഫില്‍റ്ററുകൡലൂടേയും വീക്ഷിച്ചത് എന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ദരിദ്രര്‍ക്ക് ഇത് എങ്ങനെ പ്രയോജനം ചെയ്യുന്നു, മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നുണ്ടോ, കര്‍ഷകര്‍ക്ക് എന്താണുള്ളത്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും എംഎസ്എംഇകള്‍ക്ക് അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നിവയായിരുന്നു അത്.
ഇന്ത്യയുടെ ജിഎസ്ടി വരുമാനം 2018 സാമ്പത്തിക വര്‍ഷത്തെ 7.19 ലക്ഷം കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 22.08 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. നികുതി ദായകരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് 1.51 കോടിയായി വികസിച്ചെന്നും അവര്‍ പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ സഹകരണ ഫെഡറലിസത്തിന്റെ ഒരു പ്രധാന ഉദാഹരണമാണെന്നും സ്വാതന്ത്ര്യത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ഒരേയൊരു ഭരണഘടനാ സ്ഥാപനമാണിതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications