ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഡിസംബർ 1നും 5നും വോട്ടെടുപ്പ്, 8ന് വോട്ടെണ്ണൽ
ദില്ലി: ഏറെ നിര്‍ണായകമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5നും നടക്കും. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ഡിസംബര്‍ 8ന് തന്നെ ഗുജറാത്തിലും വോട്ടെണ്ണല്‍ നടക്കും.
ആദ്യഘട്ട തിരഞ്ഞെടുപ്പിനുളള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അഞ്ചാം തിയ്യതി പുറത്തിറക്കും. രണ്ടാം ഘട്ടത്തിലേക്കുളള വിജ്ഞാപനം പത്താം തിയ്യതിയും പുറത്തിറക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 14ാം തിയ്യതി വരെയും രണ്ടാം ഘട്ടത്തില്ഡ 17ാം തിയ്യതി വരെയുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള സമയം. നവംബര്‍ 17, 21 തിയ്യതികളാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള അവസാന തിയ്യതികള്‍. ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കുമുളള വോട്ടെടുപ്പ് നടക്കും.

ഗുജറാത്തില്‍ ആകെ നാല് കോടി 90 ലക്ഷം വോട്ടര്‍മാരാണ് ജനവിധി രേഖപ്പെടുത്തുക. 51782 പോളിംഗ് സ്‌റ്റേഷനുകള്‍ ആയിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 1274 പോളിംഗ് സ്‌റ്റേഷനുകളും ഇക്കൂട്ടത്തിലുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക നല്‍കാന്‍ വളരെ അധികം സമയം ബാക്കിയില്ല എന്നത് കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വേഗത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുളള കാര്യങ്ങളിലേക്ക് കടക്കേണ്ടി വരും.












Click it and Unblock the Notifications