
വടക്കൻ ഗുജറാത്ത് 'കൈവിടില്ല'; പ്രതീക്ഷയോടെ കോൺഗ്രസ്, അനുകൂല ഘടകങ്ങൾ ഇങ്ങനെ
അഹമ്മദാബാദ്: കോൺഗ്രസിന്റെ സ്വാധീന മേഖലയാണ് വടക്കൻ ഗുജറാത്ത്. 32 സീറ്റുകൾ ഉള്ള ഇവിടെ ഇത്തവണയും ആധിപത്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. നിരവധി ഘടകങ്ങൾ ഇവിടെ തങ്ങൾക്ക് അനുകൂലമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബി ജെ പിക്കെതിരായ വിമത പടയും മേഖലയിലെ സ്വാധീന സമുദായമായ ചൗധരി വിഭാഗത്തിന് ബി ജെ പിയോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്. സമുദായാംഗവും ക്ഷീരസഹകരണ നേതാവുമായ മുൻ ആഭ്യന്തര മന്ത്രി വിപുൽ ചൗധരിയുടെ അറസ്റ്റ് ബി ജെ പിക്കെതിരെ വലിയ വികാരത്തിന് കാരണമായിരുന്നു.

ബനസ്‌കന്ത, പടാൻ, മെഹ്‌സാന, സബർകാന്ത, ആരവല്ലി, ഗാന്ധിനഗർ എന്നിങ്ങനെ മേഖലയിലെ ആറ് ജില്ലകളിലായി 32 നിയമസഭ സീറ്റുകളാണ് ഉള്ളത്. 2012 ലെയും 2017 ലെയും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടെ 17 സീറ്റുകൾ വിജയിച്ചിട്ടുണ്ട്. അതേസമയം ബി ജെ പി 2012 ൽ 15 ഉം 2017 ൽ 14 സീറ്റുകളുമാണ് ഇവിടെ നിന്ന് നേടിയത്. സംവരണ സീറ്റായ വഡ്ഗാമിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജിഗ്നേഷ് മേവാനിയായിരുന്നു 2017 ജയിച്ചത്.
ഹിമാചലിൽ തൂക്കുസഭയോ? വിമതരെ പാട്ടിലാക്കാൻ പാർട്ടികൾ, നേതാക്കളെ നേരിട്ട് വിളിച്ച് മോദി

ഇത്തവണ തങ്ങളുടെ 11 സിറ്റിംഗ് എം എൽ എമാരേയും കോൺഗ്രസ് മത്സരിപ്പിച്ചിട്ടുണ്ട്. മറുവശത്ത് ബി ജെ പി 6 എം എൽ എമാർക്ക് മാത്രമാണ് സീറ്റ് അനുവദിച്ചത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. പ്രാദേശിക ജാതി സമവാക്യങ്ങൾ പരിഗണിച്ച് പാട്ടീധാർ, കോലി വിഭാഗത്തിൽ നിന്നുളള നേതാക്കൾക്കാണ് ഇരുപാർട്ടികളും ടിക്കറ്റ് നൽകിയത്. ഇവിടെ ആം ആദ്മിക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നിരിക്കെ കോൺഗ്രസും ബി ജെ പിയും നേർക്ക് നേർക്കായിരിക്കും ഇവിടെ മത്സരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

800 കോടി രൂപയുടെ അഴിമതി കേസിൽ ഒബിസി നേതാവായ വിപുൽ ചൗധരിയുടെ അറസ്റ്റ് ബനസ്കന്ത ജില്ലയിലും മെഹ്‌സാന ജില്ലയുടെ ചില ഭാഗങ്ങളിലും ബി ജെ പിക്ക് വലിയ വെല്ലുവിളി തീർക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.സമുദായാംഗങ്ങളോട് മനസാക്ഷി വോട്ടിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സമുദായത്തിലെ പ്രമുഖ നേതാക്കൾ പറയുന്നു. സ്ഥാനാർത്ഥികൾ, പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങൾ ജനം പരിഗണിക്കും, പക്ഷേ സമുദായ അംഗങ്ങൾക്ക് സർക്കാരിനെതിരെ കടുത്ത അതൃപ്തിയുണ്ട്, ചൗധരി സമുദായത്തിന്റെ സാമൂഹിക സംഘടനയായ അർബുദ സേന നേതാവും ദൂദ്‌സാഗർ ഡയറിയുടെ മുൻ വൈസ് പ്രസിഡന്റുമായ മൊഗാജി ചൗധരി പറഞ്ഞു.

ബനസ്കന്തയിലെ ദീസ പോലെയുള്ള ചില നിയമസഭാ സീറ്റുകളിൽ ബി ജെ പി കടുത്ത വിമത ശല്യവും നേരിടുന്നുണ്ട്. മാത്രമല്ല ഗാന്ധി നഗർ സൗത്ത് സീറ്റിൽ മുൻ കോൺഗ്രസ് നേതാവായ അൽപേഷ് താക്കൂറിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലും ബി ജെ പിക്കുള്ളിൽ അതൃപ്തിയുണ്ട്. ഇതെല്ലാം തിരിച്ചടികളായേക്കുമെന്നാണ് വിലയിരുത്തലുകൾ.മേഖലയിൽ മൂന്ന് വീതം പട്ടികവർഗ (എസ്ടി), പട്ടികജാതി (എസ്‌സി) സംവരണ സീറ്റുകളുണ്ട്.എസ്ടി സീറ്റുകൾ കോൺഗ്രസിന്റേയും എസ് സി സീറ്റുകൾ ബി ജെ പിക്കുമൊപ്പമാണ്. മൂന്ന് എസ് ടി സീറ്റുകളിൽ ഒന്നിൽ ജിഗ്നേഷ് മേവാനിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. അദ്ദേഹം നിലവിൽ കോൺഗ്രസിനൊപ്പമാണ്.
കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'
'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു