ഗുജറാത്തിലെ താരപ്രചാരകരില്‍ ശശി തരൂര്‍ ഇല്ല; കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്ന പ്രമുഖരെ പാര്‍ട്ടി തീരുമാനിച്ചു. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല മാത്രമാണ് പട്ടികയിലുള്ളത്. പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ ശശി തരൂര്‍ എംപിയുടെ പേര് പട്ടികയില്‍ ഇല്ല. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുതല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം പട്ടികയിലുണ്ട്.

മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. ദിഗ്‌വിജയ് സിങ്, കമല്‍നാഥ്, ഭൂപേന്ദര്‍ സിങ് ഹൂഡ, അശോക് ചവാന്‍, താരിഖ് അന്‍വര്‍, സച്ചിന്‍ പൈലറ്റ്, ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ തുടങ്ങി 40 താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ എല്ലാം കളത്തിലിറക്കി ഗുജറാത്തില്‍ പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ വേളയിലാണ് ശശി തരൂരിന്റെ പേരില്ലാത്തത് ശ്രദ്ധേയമാകുന്നത്. മാത്രമല്ല, കെസി വേണുഗോപാലിന്റെ പേരും പട്ടികിയില്‍ ഇല്ല. കര്‍ണാടകത്തിലെ പ്രമുഖ നേതാക്കളുടെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. അതേസമയം, സാഹചര്യം നോക്കി കൂടുതല്‍ നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചാരണം നടത്തുമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. കഴിഞ്ഞാഴ്ച വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ അദ്ദേഹം പ്രചാരണത്തിന് എത്തിയിരുന്നില്ല. സോണിയ ഗാന്ധിയും എത്തിയില്ല. പ്രിയങ്ക മാത്രമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. അതേസമയം, ഗുജറാത്തില്‍ എല്ലാവരും എത്തും. ഗുജറാത്ത് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കുന്ന പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്.
ഭാരത് ജോഡോ യാത്രയിലാണ് എന്ന് സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ എത്താതിരുന്നത്. അതേസമയം, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ രാഹുല്‍ എത്തുന്നത് അദ്ദേഹത്തിന്റെ ബിജെപി വിരുദ്ധ നീക്കങ്ങളുടെ ഭാഗം കൂടിയാണെന്ന് വിലയിരുത്തുന്നു. ഭാരത് ജോഡോ യാത്രയിലും രാഹുല്‍ ഗാന്ധി പ്രധാനമായും ഉന്നംവയ്ക്കുന്നത് ബിജെപിയെയും ആര്‍എസ്എസിനെയുമാണ്. രാജ്യത്തിന്റെ ഭരണഘടന ദിനംപ്രതി ആര്‍എസ്എസ് നശിപ്പിക്കുന്നു എന്നും ജനങ്ങള്‍ക്ക് വേണ്ടിയാണോ ജിഎസ്ടിയും നോട്ട് നിരോധനവും കാര്‍ഷിക നിയമങ്ങളും നടപ്പാക്കിയതെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.












Click it and Unblock the Notifications