
ഗുജറാത്തിൽ ചടുല നീക്കത്തിന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും, ആം ആദ്മിയുമായി സഖ്യം?
അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ക്യാമ്പിൽ തിരക്കിട്ട ആലോചനകൾ. ബി ജെ പിക്ക് ഭൂരിപക്ഷം കുറഞ്ഞാൽ നടപ്പാക്കാനുള്ള 'പ്ലാൻ ബി'യാണ് നേതൃത്വം ചർച്ച ചെയ്യുന്നത്. സംസ്ഥാനത്ത് ബി ജെ പി തന്നെ കൂറ്റൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ആം ആദ്മി കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.
എന്നാൽ ആം ആദ്മിയുടെ വരവ് സംസ്ഥാനത്ത് അട്ടിമറിക്ക് സാധ്യത ഉണ്ടെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. അത്തരമൊരു സാഹചര്യത്തിൽ ആർക്കും ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ ആം ആദ്മിയുമായി കൈകോർക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് കോൺഗ്രസ് കടന്നേക്കും.

2017 ൽ 99 സീറ്റ് നേടിയാണ് ബി ജെ പി വിജയിച്ചത്. 130 വരെ സീറ്റുകൾ ഇത്തവണ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ട്. എന്നാൽ വിമത ശല്യവും ആം ആദ്മിയുടെ സ്വാധീനവും തിരഞ്ഞെടുപ്പിൽ നിർണായകമായേക്കും. മോർബി പാലം ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അതുകൊണ്ട് തന്നെ ബി ജെ പിക്ക് ഗുജറാത്ത് ഇത്തവണ പതിവ് പോലെ അത്ര എളുപ്പമല്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഗുജറാത്ത് ഉറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് പ്രതീക്ഷ മുഴുവന്‍ ഹിമാചലില്‍, വോട്ടെണ്ണല്‍ 8 ന് ആരംഭിക്കും

ഈ സാഹചര്യത്തിൽ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യത ഇല്ലെന്ന സ്ഥിതി ഉണ്ടായാൽ ജയിച്ച കോൺഗ്രസ് എം എൽ എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബി ജെ പി നടത്തിയേക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഇതോടെ ഫലം വന്ന പിന്നാലെ എം എൽ എമാരെ സമീപ സംസ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റാനാണ് തീരുമാനം. പി സി സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

മാത്രമല്ല ആം ആദ്മിയുമായുള്ള സഖ്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ആം ആദ്മിയുമായി കൈകോർക്കാമെന്ന സൂചന കോൺഗ്രസ് നേതാവ് നൽകിയിരുന്നു. ബി ജെ പിയെ പോലൊരു ഫാസിസ്റ്റ് വർഗീയ പാർട്ടിക്കെതിരെ പോരാടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ആം ആദ്മി പിന്തുണച്ചാൽ ആ പിന്തുണ തങ്ങൾ സ്വീകരിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ സംസ്ഥാന അധ്യക്ഷനുമായ ഭരത് സിംഗ് സോളംഗി പറഞ്ഞത്.
ബിജെപിയുടെ മോഹം നടക്കില്ല: മെയിന്‍പുരി ലോക്സഭ മണ്ഡലം ഉറപ്പിച്ച് എസ്പി, ഫലത്തിന് മുന്നേ ആഘോഷം

എന്നാൽ പ്രസ്താവന വലിയ ചർച്ചയായതോടെ അദ്ദേഹം അത് പിന്നീട് തിരുത്തുകയും ചെയ്തു. ആം ആദ്മിയെ പോലൊരു പാർട്ടിയുമായി യാതൊരു സഖ്യത്തിനും തയ്യാറല്ലെന്നതായിരുന്നു പിന്നീട് സോളംഗി പറഞ്ഞത്. അതേസമയം കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന സൂചന ആം ആദ്മിയും നൽകിയിരുന്നു. മാത്രമല്ല കോൺഗ്രസിനേയും ബി ജെ പിയേയും ഒരുപോലെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും.

അതേസമയം കേവല ഭൂരിപക്ഷം ബി ജെ പിക്ക് ലഭിച്ചില്ലെങ്കിൽ ആം ആദ്മി മനം മാറ്റുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഗുജറാത്തിൽ ബി ജെ പിക്ക് അത്തരമൊരു പ്രഹരം നൽകാൻ സാധിച്ചാൽ അത് പ്രതിപക്ഷ ക്യാമ്പിന് നൽകുന്ന ആവേശം ചെറുതായിരിക്കില്ല. മാത്രമല്ല കെജരിവാളിന്റെ ദേശീയ മോഹങ്ങൾക്ക് കൂടി കരുത്ത് പകരാൻ അതിന് സാധിക്കും. എന്നാൽ കോൺഗ്രസിനെ മാറ്റി നിർത്തി പ്രതിപക്ഷ സഖ്യം ആലോചിക്കുന്ന കെജരിവാൾ അതിന് തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. എന്തായാലും കരുതലോടെയായിരിക്കും കോൺഗ്രസിന്റേയും ആം ആദ്മിയുടേയും നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.