യുഎസ് വിമാന ടിക്കറ്റ് നിരക്കിൽ വൻ കുതിപ്പ്, വിമാനത്താവളങ്ങളിൽ പരിഭ്രാന്തരായി ഇന്ത്യക്കാർ
എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കിയുള്ള ട്രംപ് ഭരണകുടത്തിന്റെ നീക്കത്തിന് പിന്നാലെ വിമാനത്താവളങ്ങളിൽ വലിയ പരക്കം പാഞ്ഞ് ഇന്ത്യൻ ടെക്കികൾ. നാട്ടിലേക്ക് ഫ്ലൈറ്റ് എടുത്ത പലരും വിമാനങ്ങളിൽ നിന്ന് തിരിച്ചിറങ്ങി. ഇന്ത്യയിൽ പൂജാവധിക്കും മറ്റ് ബിസിനസ് യാത്രകൾക്കും എത്തിയവരാകട്ടെ തിരികെ പോകാനുള്ള പരക്കംപാച്ചിലിലാണ്. ഇതിനിടയിൽ വിമാന ടിക്കറ്റ് നിരക്കും കുത്തനെ കുതിച്ചു.
പുതുതായി വിദേശത്തുനിന്ന് വരുന്നവർ, യുഎസ് വിട്ടുപോയ ശേഷം വീസ പുതുക്കുന്നവര്‍, പുതിയ തൊഴിലുടമയ്ക്കായി യുഎസിലേക്ക് വരുന്ന എച്ച്1 ബി ജീവനക്കാർ എന്നിവരെല്ലാം സപ്റ്റംബർ 21 മുതൽ വിസ ഫീസ് 88 ലക്ഷം നൽകണമെന്നാണ് ട്രംപ് സർക്കാർ അറിയിച്ചിരിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ടെക് കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, ജെ.പി. മോർഗൻ എന്നിവർ തങ്ങളുടെ എച്ച്-1ബി വിസയുള്ള ജീവനക്കാരോട് രാജ്യം വിട്ടുപോകരുതെന്ന് നിർദേശിച്ചു. നിലവിൽ വിദേശത്തുള്ളവർ ഉടൻതന്നെ യുഎസിലേക്ക് മടങ്ങാനും കമ്പനികൾ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ അവധിയിലോ ഔദ്യോഗിക ആവശ്യങ്ങൾക്കോ പോയ എച്ച്-1ബി വിസക്കാരും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. സെപ്റ്റംബർ 21 അർദ്ധരാത്രിക്ക് മുൻപ് യു.എസിൽ എത്താൻ കഴിയാത്ത എച്ച്-1ബി വിസക്കാർക്ക് ഫീസ് നൽകാതെ യുഎസിലേക്ക് കടക്കാൻ സാധിക്കില്ലെന്ന് യു.എസ്. ഇമിഗ്രേഷൻ അറ്റോർണി സൈറസ് മേത്ത അറിയിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ കൃത്യസമയത്ത് എത്താൻ സാധ്യതയില്ലാത്തതിനാൽ, ഈ വിസയുള്ളവർക്ക് സമയപരിധി നഷ്ടപ്പെട്ടിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഏകദേശം 37,000 രൂപയായിരുന്നത് രണ്ട് മണിക്കൂറിനുള്ളിൽ 70,000-80,000 രൂപയായി വർധിച്ചു.
'ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് നിലവിൽ 4,500 ഡോളറാണ് നിരക്ക്. പുതിയ എച്ച്-1ബി വിസ നിയമങ്ങളെക്കുറിച്ചുള്ള ആശങ്ക കാരണം എല്ലാവരും അമേരിക്കയിലേക്ക് തിരികെ പോകാൻ തിരക്ക് കൂട്ടുകയാണ്," ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. യുഎസ് വിമാനത്താവളങ്ങളിലും എച്ച്-1ബി വിസക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായതെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. അങ്ങേയറ്റം സങ്കടകരമായ ഒരു സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.












Click it and Unblock the Notifications