സോണിയയെ പഴിക്കേണ്ട; കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
ദില്ലി: തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാവിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹന്‍സ്‌രാജ് ഭരദ്വാജ്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവുണ്ടാകില്ലെന്നാണ് താന്‍ കരുതുന്നത്. മറിച്ചാകണമെങ്കില്‍ കഠിനമായ അധ്വാനം ആവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പലരും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ അങ്ങിനെ ചെയ്യില്ല. പാവം സോണിയയെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതു ചെയ്യാത്തതില്‍ അവര്‍ക്ക് അസന്തുഷ്ടിയുമുണ്ട്. പുതിയ ചില നേതാക്കളാണ് പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ പ്രധാന കാരണം. മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനോ അവരുടെ ഉപദേശം സ്വീകരിക്കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല.
മന്‍മോഹന്‍ സിംഗിനെപോലെ ഒരാളെ കോടതിയിലേക്ക് വിളിപ്പിച്ചതില്‍ തന്നെ ചില കാര്യങ്ങല്‍ ഊഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദില്ലിയിലെ തെരഞ്ഞെടുപ്പു തോല്‍വിയില്‍ ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്താന്‍ ഹന്‍സ് രാജ് തയ്യാറായില്ല. ദില്ലിയില്‍ ദീക്ഷിത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം വിലയിരുത്തി.












Click it and Unblock the Notifications