ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനായി
ദില്ലി: പട്യദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പട്യദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനായി. ഒമ്പത് മാസത്തിനു ശേഷമാണ് ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനാകുന്നത്. രാജ്യദ്രോഹം, കലാപത്തിനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹര്‍ദിക് പട്ടേലിനെ ജയിലിലടച്ചത്. സൂറത്തിലെ ലജ്‌പോര്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഹര്‍ദിക് പുറത്തിറങ്ങിയത്.
ജാമ്യ വ്യവസ്ഥ പ്രകാരം ആറ് മാസത്തേക്ക് ഹര്‍ദികിന് ഗുജറാത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഒമ്പത് മാസത്തേക്ക് സംസ്ഥാനത്തെ മെഹ്‌സാനിയില്‍ പ്രവേശിക്കരുതെന്നും ഉപാധിയുണ്ട്. ഈ സമയത്ത് ഉത്തര്‍ പ്രദേശില്‍ താമസിക്കാനാണ് ഹര്‍ദിക് പട്ടേലിന്റെ തീരുമാനം.

എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രചരണ റാലി നടത്താന്‍ പട്യദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഗുജറാത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഉത്സവവേളകളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്നാമത്തെ കേസിലും ഉപാധിയോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് പട്ടേലിന് പുറത്തിറങ്ങാനായത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് ഹര്‍ദിക്കിനെ അനുയായികള്‍ സ്വാഗതം ചെയ്തത്.












Click it and Unblock the Notifications