ഹരിയാനയില്‍ വീണ്ടും ഒന്നിച്ച് ഐഎന്‍എല്‍ഡിയും ബിഎസ്പിയും; കോണ്‍ഗ്രസ്-ബിജെപി ഇതര സഖ്യം
ചണ്ഡീഗഢ്: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ ഡിയും (ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍) ബി എസ് പിയും (ബഹുജന്‍ സമാജ് പാര്‍ട്ടി)ബിഎസ്പി) ഒന്നിച്ച് മത്സരിക്കും. ഐ എന്‍ എല്‍ ഡി- ബി എസ് പി സഖ്യം തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും എന്ന് ഐ എന്‍ എല്‍ ഡി നേതാവ് അഭയ് ചൗട്ടാലയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന ഹരിയാന നിയമസഭയില്‍ സഖ്യത്തിലേര്‍പ്പെടാന്‍ ഇരു പാര്‍ട്ടികളും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ജൂലൈ 11 ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേരത്തെ ഐ എന്‍ എല്‍ ഡിയുടെ സംസ്ഥാന യൂണിറ്റ് മേധാവി രാംപാല്‍ മജ്റ പറഞ്ഞിരുന്നു. അതേസമയം സീറ്റ് വിഭജനവും സഖ്യവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംബന്ധിച്ച് അന്തിമ ധാരണയില്‍ എത്തി എന്നാണ് നേതാക്കള്‍ പറയുന്നത്.

ഈ സഖ്യം ഏതെങ്കിലും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും മറിച്ച് ജനങ്ങളുടെ വികാരങ്ങള്‍ കണക്കിലെടുത്താണ് രൂപീകരിച്ചതെന്നും അഭയ് ചൗട്ടാല പറഞ്ഞു. ബി എസ് പിയുടെയും ഐ എന്‍ എല്‍ ഡിയുടെയും ചിന്ത പാവപ്പെട്ടവര്‍ക്ക് എങ്ങനെ നീതി ലഭിക്കും, ദുര്‍ബല വിഭാഗങ്ങള്‍ എങ്ങനെ ശാക്തീകരിക്കപ്പെടും എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
''ഹരിയാനയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 10 വര്‍ഷം മുമ്പ് സംസ്ഥാനം കൊള്ളയടിച്ച ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇന്ന് സാധാരണക്കാരുടെ വികാരം, ''ചൗട്ടാല പറഞ്ഞു. സഖ്യം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ മായാവതിയും ചൗട്ടാലയും വിശദമായ ചര്‍ച്ച നടത്തിയതായി ബിഎസ്പി ദേശീയ കോര്‍ഡിനേറ്റര്‍ ആകാശ് ആനന്ദ് പറഞ്ഞു.
ഐ എന്‍ എല്‍ ഡി ജനറല്‍ സെക്രട്ടറി അഭയ് സിംഗ് ചൗട്ടാല ഇക്കഴിഞ്ഞ ശനിയാഴ്ച ബി എസ് പി അധ്യക്ഷ മായാവതിയുടെ ലഖ്നൗവിലെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി രാംപാല്‍ മജ്റ പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് ഇതര സംഘടനകള്‍ ഒരുമിച്ച് നിന്ന് കര്‍ഷക- തൊഴിലാളിവര്‍ഗ മുന്നേറ്റം സാധ്യമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളില്‍ ബി എസ് പി 37 സീറ്റുകളില്‍ മത്സരിക്കും എന്നാണ് റിപ്പോര്‍ട്ട്. 53 സീറ്റുകളില്‍ ഐ എന്‍ എല്‍ ഡിയും മത്സരിക്കും. 2019 ല്‍ ഐഎന്‍എല്‍ഡിയുമായുള്ള ഒമ്പത് മാസത്തെ സഖ്യം ബിഎസ്പി പിന്‍വലിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വെവ്വേറയൊണ് മത്സരിച്ചത്. സംസ്ഥാനത്തെ പത്ത് ലോക്‌സഭാ സീറ്റുകളില്‍ ഒമ്പതിലും ബി എസ് പി മത്സരിച്ചപ്പോള്‍ ഐ എന്‍ എല്‍ ഡി ഏഴ് സീറ്റുകളില്‍ മത്സരിച്ചു.
എന്നാല്‍ ഇരു കക്ഷികള്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുടെ ഏക എംഎല്‍എയായ അഭയ് ചൗട്ടാല കുരുക്ഷേത്ര പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുന്‍ എംപിയും അഭയ് ചൗട്ടാലയുടെ മൂത്ത സഹോദരനുമായ അജയ് സിംഗ് ചൗട്ടാലയും അജയിന്റെ മകന്‍ ദുഷ്യന്ത് ചൗട്ടാലയും ചേര്‍ന്ന് 2018 ഡിസംബറില്‍ ഐഎന്‍എല്‍ഡിയിലെ പിളര്‍പ്പിന് ശേഷം ജെജെപി പാര്‍ട്ടി രൂപീകരിച്ചിരുന്നു.
ഈ വര്‍ഷം അവസാനമാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ ലക്ഷ്യമിട്ടാണ് ബി ജെ പി ഇറങ്ങുന്നത്.












Click it and Unblock the Notifications