ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ, താപനില 45 ഡിഗ്രിയിലേക്ക് എത്തും, ദില്ലിയില്‍ യെല്ലോ അലര്‍ട്ട്
ദില്ലി: ഉത്തരേന്ത്യയാകെ ചുട്ടുപ്പൊളുകയാണ്. അതിശക്തമായ ഉഷ്ണതരംഗമാണ് ദില്ലിയില്‍ അടക്കം അനുഭവപ്പെടുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. അടുത്ത ദിവസങ്ങളിലായി താപനില 46 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍-പശ്ചിമ-ഉത്തര പശ്ചിമ മേഖലകളിലും ശക്തമായ ഉഷ്ണ തരംഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏറ്റവും ഭയാനകമായ കാര്യം ഫെബ്രുവരി 25 മുതല്‍ മഴ ഉണ്ടായിട്ടില്ല എന്നതാണ്. ഏപ്രില്‍ പതിനാലിനും 21നും ഇടയില്‍ രാജസ്ഥാനിലും ഹരിയാനയിലും കടുത്ത പൊടിക്കാറ്റ് ഉണ്ടായിട്ടുമുണ്ട്.

മഴ കൂടി ഇല്ലാതായതോടെ ചൂട് അതിശക്തമായിരിക്കുകയാണ്. ഒപ്പം വരള്‍ച്ചയും ഭീഷണിയാണ്. മെയ് രണ്ടിന് ചെറിയൊരു മഴ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉത്തരപശ്ചിമ മേഖലയിലും സെന്‍ട്രല്‍ ഇന്ത്യയിലും ആശ്വാസം നല്‍കിയേക്കും. ഉഷ്ണതരംഗ ഭീഷണി നേരിടുന്ന മൂന്ന് മേഖലകളിലും നാല്‍പ്പതിനും 45നും ഇടയിലാണ് താപനില. അടുത്ത അഞ്ച്ദിവസത്തേക്ക് ഉത്തരപശ്ചിമ-സെന്‍ട്രല്‍ ഇന്ത്യ മേഖലകളില്‍ ശക്തമായ ഉഷ്ണതരംഗമുണ്ടാകും. കിഴക്കന്‍ ഇന്ത്യയില്‍ അടുത്ത മൂന്ന് ദിവസത്തേക്കും ഉഷ്ണ തരംഗം അനുഭവപ്പെടും. അതിന് ശേഷം കുറയുമെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ച്ച രാജസ്ഥാന്‍, മഹാരാഷ്ട്രയിലെ വിദര്‍ഭ, മധ്യപ്രദേശ്, കിഴക്കന്‍ യുപി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാനയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 43നും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു താപനില. ഹരിയാന, ദില്ലി, പഞ്ചാബ്, പശ്ചിമ യുപി, എന്നിവിടങ്ങളില്‍ 40നും 43നും ഇടയിലാണ് അനുഭവപ്പെട്ടത്. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചൂടാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്. 2010 ഏപ്രില്‍ മാസത്തില്‍ പതിനൊന്ന് തവണയാണ് ഉഷ്ണതരംഗമുണ്ടായത്. ഈ വര്‍ഷം ഇതുവരെ എട്ട് തവണയാണ് ഇത്തരത്തില്‍ കൂടിയത്. ഏതാനും ദിവസങ്ങളിലായി 42 ഡിഗ്രിയായിരുന്നു ചൂടി. അതിപ്പോള്‍ 45 വരെയെത്തിയിരിക്കുകയാണ്.
പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ശക്തമാണ്. കുട്ടികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ എന്നിവരിലാണ് ചൂട് കൂടുതലായി ബാധിക്കാന്‍ സാധ്യത. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ രണ്ട് മാസത്തിനിടെ നാലാമത്തെ ഉഷ്ണതരംഗവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വിദര്‍ഭയിലാണ്. അതേസമയം ഗുഡ്ഗാവില്‍ 45 ഡിഗ്രി സെല്‍ഷ്യസായി താപനില മാറി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. മെയ് രണ്ട് മുതല്‍ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഉത്തരേന്ത്യ. ശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ വരെയുണ്ടായി. ഇവിടെ വൈദ്യുതിയുടെ അഭാവവുമുണ്ട്. പവര്‍ കട്ടിനെ തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ വ്യാവസായ സ്ഥാപനങ്ങളിലെ വൈദ്യുതിയും തടസപ്പെട്ടു.












Click it and Unblock the Notifications