ചെന്നൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ദുരിതാശ്വാസം ഏകോപിപ്പിച്ച് സ്റ്റാലിന്‍
ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത കനത്ത മഴയില്‍ നാശനഷ്ടമുണ്ടായ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 8 തിങ്കളാഴ്ചയും നവംബര്‍ 9 ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ 6 ശനിയാഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെയും സമീപ പ്രദേശങ്ങളിലെയും പല പ്രദേശങ്ങളിലും വന്‍ വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. പുരസവല്‍ക്കം, തിണ്ടിവകം, കൊളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. വടക്കന്‍ ചെന്നൈയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂര്‍ പ്രദേശത്തെ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും വിതരണം ചെയ്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുകയാണെന്നും വെള്ളപ്പൊക്കമുണ്ടായ ജനവാസ മേഖലകളില്‍ മഴവെള്ളം പമ്പ് ചെയ്യുന്നതുള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരികളോട് ഉത്തരവിട്ടിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരിതാബാധിത പ്രദേശങ്ങളില്‍ ഇതുവരെ 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
500 വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ പമ്പുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും നഗരത്തില്‍ ഭക്ഷണവും പാര്‍പ്പിടവും വൈദ്യസഹായവും നല്‍കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവിലെ മഴ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചെന്നൈയിലേക്കുള്ള യാത്ര രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. ചെന്നൈ, കരൂര്‍, പുതുക്കോട്ടൈ, ശിവഗംഗൈ, ട്രിച്ചി, നാമക്കല്‍, രാമനാഥപുരം, മധുര, വിരുദുനഗര്‍, ഈറോഡ് എന്നീ പതിനൊന്ന് ജില്ലകളില്‍ 200 മില്ലി മീറ്ററിലധികം മഴ ലഭിച്ചതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്‌നിശമനസേന, ദേശീയ ദുരന്തനിവാരണ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഗ്രേറ്റര്‍ ചെന്നൈ പൊലീസ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് സംഘങ്ങളെ മധുര, ചെങ്കല്‍പേട്ട് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. മറ്റൊരു സംഘത്തെ തിരുവള്ളൂര്‍ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്‍ട്രോള്‍ റൂമുമായി 1070 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ക്കൊപ്പം പിന്നീട് ദക്ഷിണ ചെന്നൈയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി, സ്റ്റാലിന്‍, മന്ത്രി ശേഖര്‍ ബാബു, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി എന്നിവര്‍ ഞായറാഴ്ച രാവിലെ വടക്കന്‍ ചെന്നൈയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications