ഉത്തരേന്ത്യയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം; ഹിമാചലില്‍ മലയാളി സംഘം വെള്ളപ്പൊക്കത്തില്‍ കുടുങ്ങി
ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഇന്നലെ മാത്രം 18 പേരാണ് മരിച്ചത്. ഹിമാചലില്‍ മിന്നല്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലാണ്. മഴയിലും വെള്ളപ്പൊക്കത്തിലുമായി നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് തിരിച്ചു പുറപ്പെടുമെന്നാണ് പ്രതീക്ഷ. ദില്ലി കേരള ഹൗസ് അധികൃതരുമായി ഇവർ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ശ്രമം തുടരുകയാണെന്ന് കെ വി തോമസ് പറഞ്ഞു.

കേരളത്തില്‍ നിന്നും 18 അംഗ സംഘം ജൂണ്‍ 27ന് ആണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് അമൃതസര്‍, മണാലി, സ്പിറ്റ് വാലിയിലേക്കും പോയിരുന്നു. ഘീര്‍ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയില്‍ കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു. ഇന്ന് വൈകീട്ടോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയത്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പടെ അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. രാത്രി വൈകിയും വലിയ ഗതാഗതക്കുരുക്കാണ് ഡല്‍ഹിയില്‍. നോയിഡ, ഗുരുഗ്രാം, എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസിയാബാദില്‍ ബുധനാഴ്ചയാണ് സ്‌കൂള്‍ തുറക്കുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരോട് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗുഡ്ഗാവ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഹത്നികുണ്ഡ് ഡാമില്‍ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതിനെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു.
നഗരത്തില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും യമുനയിലെ ജലനിരപ്പ് ഉയരുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മഴയെ തുടര്‍ന്ന് നോര്‍ത്തേണ്‍ റെയില്‍വെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ലഡാക്കില്‍ കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications