എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി; എംപിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട് സുധാകരന്‍
പുനഃസംഘടനയില്‍ എം പിമാരെ കൂടി കേട്ട് തീരുമാനം എടുക്കും. പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കണം

ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ മഞ്ഞുരുക്കം. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചു എന്ന് എം പിമാരും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും സംയുക്തമായി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ദല്‍ഹി ലോധി എസ്റ്റേറ്റിലെ വീട്ടില്‍ ആണ് കെ സി വേണുഗോപാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അതേസമയം രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനായി എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും എന്ന് അറിയിച്ചിട്ടുണ്ട്.
എം പിമാരായ കെ മുരളീധരനും എം കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കെ സുധാകരന്‍ കത്ത് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തിയത്. ഇതിന് എതിരെ ഗ്രൂപ്പിന് അതീതമായി നേതാക്കളും എം പിമാരും ഇരുവര്‍ക്കുമൊപ്പം നിന്നു.
കെ സി വേണുഗോപാലിനെ നേരില്‍ കണ്ട് ഏഴ് എം പിമാര്‍ കാര്യം വിശദീകരിക്കുക കൂടി ചെയ്തതോടെ കെ സുധാകരന്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെയെണ് കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അധികം നീളരുത് എന്നായിരുന്നു എ ഐ സി സി നിലപാട്.

രാഹുല്‍ ഗാന്ധി ഒഴികെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം പിമാരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. രസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് നേതൃത്വം എം പിമാരോടും സുധാകരനോടും നിര്‍ദേശിച്ചു. അതേസമയം ഡി സി സി, ബ്ലോക്ക് തല പുനഃസംഘടനയില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മറുഭാഗം ആരോപിച്ചു.
എന്നാല്‍ യോഗത്തില്‍ പുനഃസംഘടനയില്‍ എം പിമാരെ കൂടി കേട്ട് തീരുമാനം എടുക്കും എന്ന ഉറപ്പ് ലഭിച്ചതോടെ എം പിമാര്‍ അടങ്ങി. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചര്‍ച്ച നടത്തും എന്നും രാഷ്ട്രീയകാര്യ സമിതി യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നും സുധാകരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഇനി മുതല്‍ എല്ലാ മാസവും എം പിമാരുടെ യോഗം ചേരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു. പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് എ ഐ സി സി നിര്‍ദേശം












Click it and Unblock the Notifications