
ഇതിത്ര ആനക്കാര്യമാക്കണോ..? വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ഭീകരന്‍ എന്ന് വിളിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഭീകരന്‍ എന്ന് വിശേഷിപ്പിച്ചത് വലിയ കാര്യമാക്കേണ്ടതില്ല എന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. വിദ്യാര്‍ത്ഥിയെ ഭീകരന്‍ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണ് എങ്കിലും ഗൗരവമുള്ള വിഷയമല്ല എന്നാണ് ബി സി നാഗേഷ് പറയുന്നത്. വിഷയം ഊതി പെരുപ്പിക്കേണ്ടതില്ല എന്നും ബി സി നാഗേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ഇതൊരു ചെറിയ പ്രശ്നമാണ്. പക്ഷെ ഒരു പ്രത്യേക സമൂഹം ഇതിന്റെ പേരില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ് എന്നും ബി സി നാഗേഷ് കുറ്റപ്പെടുത്തി. സംഭവം നിര്‍ഭാഗ്യകരമാണ്. ടീച്ചര്‍ ആ പേര് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, പലതവണ നമ്മള്‍ വിദ്യാര്‍ത്ഥികളെ രാവണന്‍, ശകുനി എന്നിങ്ങനെ വിളിക്കുന്നതിനാല്‍ അതൊരു ഗൗരവമുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നുന്നു.

കസബ് എന്ന പേര് എന്തുകൊണ്ടാണ് ഒരു പ്രശ്‌നമായത് എന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തെങ്കിലും ചില പേരുകള്‍ ദേശീയ പ്രശ്നമായി മാറിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ബി സി നാഗേഷ് പറഞ്ഞത്. ഏതായാലും അധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട് എന്നും വിഷയം അവസാനിപ്പിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്

മന്ത്രിമാരെ ചിലപ്പോഴൊക്കെ രാവണന്‍, ശകുനി തുടങ്ങിയ പേരുകള്‍ പറഞ്ഞ് നമ്മള്‍ വിശേഷിപ്പിക്കാറുണ്ട്. എന്തുകൊണ്ട് അത് വാര്‍ത്തയാകുന്നില്ല? രാവണന്‍ എന്ന പേരിന് നല്ല അര്‍ത്ഥമാണോ, അല്ലല്ലോ? അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയത്തെ താന്‍ ഇതുമായി താരതമ്യം ചെയ്യുന്നില്ല എന്നും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഒരു പ്രത്യേക സമുദായത്തിനായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ബംഗളൂരുവിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസ് സമയത്ത് മുസ്ലീം വിദ്യാര്‍ത്ഥിയെ 'ഭീകരന്‍' എന്ന് വിളിച്ചത്. പിന്നാലെ ഇയാളെ എം ഐ ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹം വിദ്യാര്‍ത്ഥിയെ ആക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പ്രൊഫസര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നവംബര്‍ 26 നായിരുന്നു സംഭവം.
സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍

ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇത് നേരിടുന്നതും തമാശയല്ല എന്നായിരുന്നു വിദ്യാര്‍ത്ഥി ഇതിന് മറുപടി പറഞ്ഞത്. വിദ്യാര്‍ത്ഥി തന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് അധ്യാപകന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴും വിദ്യാര്‍ത്ഥി അടങ്ങിയില്ല. സ്വന്തം മകനെ നിങ്ങള്‍ തീവ്രവാദി എന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാര്‍ത്ഥി തിരിച്ച് ചോദിച്ചത്. അധ്യാപകന്‍ പിന്നീട് വിദ്യാര്‍ത്ഥിയോട് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം.