മാപ്പ്, പത്തുവട്ടം മാപ്പെന്ന് മന്ത്രി; കേണല്‍ സോഫിയ ഖുറേഷിക്കെതിരേയുള്ള പരാമര്‍ശത്തില്‍ കേസെടുക്കാന്‍ കോടതി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായതിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച ബിജെപി മന്ത്രി ഒടുവില്‍ മാപ്പ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി കുന്‍വര്‍ വിജയ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സംഭവം വലിയ വിവാദമാകുകയും കേന്ദ്ര സര്‍ക്കാര്‍ മന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
അതിനിടെ, കേണല്‍ സോഫിയ ഖുറേഷിയെ അപമാനിച്ച ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിജയ് ഷായ്‌ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി രാജ്യാന്തര ശ്രദ്ധ നേടിയത്. ഇന്ത്യന്‍ സൈന്യത്തിലെ സ്ത്രീ ശക്തിയുടെ പ്രതീകമായി സോഫിയയെ അവതരിപ്പിക്കുമ്പോഴാണ് മന്ത്രി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥയെ വര്‍ഗീയമായി അധിക്ഷേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതിനിടെയാണ് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയത്.

ഇപ്പോഴിതാ, വര്‍ഗീയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് മന്ത്രി മാപ്പ് ചോദിച്ച് രംഗത്ത് എത്തിയത്. മന്ത്രിയുടെ വാക്കുകള്‍: സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഉയര്‍ന്നുവന്ന് ഇന്ത്യയുടെ മഹത്വം ഉയര്‍ത്തിക്കാട്ടിയ വ്യക്തിത്വമാണ്. എന്റെ സ്വന്തം സഹോദരിയേക്കാളും ബഹുമാനിതയാണ് അവര്‍. രാഷ്ട്രത്തിനു വേണ്ടി അവര്‍ ചെയ്ത സേവനത്തിന് ഞാന്‍ അവരെ അഭിവാദ്യം ചെയ്യുന്നു. കേണല്‍ സോഫിയയെ അപമാനിക്കാന്‍ സ്വപ്നത്തില്‍ പോലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാലും എന്റെ വാക്കുകള്‍ ഒരു സമുദായത്തെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ 10 തവണ മാപ്പ് ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്.
പഹല്‍ഗാം ഭീകരാക്രമണത്തെ പരാമര്‍ശിച്ച് മതവിദ്വേഷം ഉണര്‍ത്തുന്ന പരാമര്‍ശം ആണ് മന്ത്രി നടത്തിയത്. 'ഭീകരാക്രമണത്തില്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റിയ ഭീകരരെ നശിപ്പിക്കാന്‍ അവരുടെ സഹോദരിയെ തന്നെ അയച്ചാണ് നാം പ്രതികാരം ചെയ്തത്. ഭീകരരെ പാഠം പഠിപ്പിക്കാനും നശിപ്പിക്കാനും അവരുടെ സമുദായത്തില്‍ നിന്നുള്ള സഹോദരിയെ സൈനിക വിമാനത്തില്‍ അയച്ചു. ഭീകരരുടെ സഹോദരിയെ അവരുടെ വീടുകളില്‍ അയച്ച് ആക്രമണം നടത്തുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി' - ഇതായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം
മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നായിരുന്നു മന്ത്രി വിജയ് ഷായുടെ വിശദീകരണം.
വിജയ് ഷായുടെ പ്രസംഗം രാഷ്ട്രീയ വിവാദമായതിനു പിന്നാലെ ബിജെപി മന്ത്രിയെ തള്ളി കേന്ദ്ര നേതൃത്വം രംഗത്ത് വന്നിരുന്നു. കേണല്‍ സോഫിയ ഖുറേഷി ഭാരതത്തിന്റെ അഭിമാനമാണെന്നും തലമുറകള്‍ക്ക് മാതൃകയാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കരി ഓയില്‍ ഒഴിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനോജ് ശുക്ല വസതിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി മന്ത്രി രംഗത്ത് വന്നത്.












Click it and Unblock the Notifications