ഹിജാബ് പ്രതിഷേധം ശക്തമാകുന്നു; എന്നെ തടയാന്‍ ധൈര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് എംഎല്‍എ
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ശക്തമായ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമ. കലബുര്‍ഗിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്താണ് അവര്‍ വെല്ലുവിളി നടത്തിയത്. പരീക്ഷയ്ക്ക് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കലാലയങ്ങളില്‍ പ്രവേശിപ്പിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.
യൂണിഫോമില്‍ ചേരുന്ന ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുമതി നല്‍കണം. പെണ്‍കുട്ടികളെ അടിച്ചമര്‍ത്താനാണ് ശ്രമം. അവര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം തടയുകയാണ്. ഈ പ്രതിഷേധത്തില്‍ എല്ലാ മത-ജാതിയില്‍പ്പെട്ടവരുമുണ്ട്. ഹിജാബിന്റെ നിറം മാറ്റാന്‍ തയ്യാറാണ്. യൂണിഫോമിനോട് ചേര്‍ന്ന ഹിജാബ് ധരിക്കാന്‍ അനുവദിക്കണം. എന്നാല്‍ ഹിജാബ് ഒഴിവാക്കില്ല. നിമയസഭയില്‍ ഹിജാബ് ധരിച്ചാണ് ഞാന്‍ എത്താറുള്ളത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ തടയൂ. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ നിവേദനം സമര്‍പ്പിക്കും. ഉഡുപ്പിയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കനീസ് ഫാത്തിമ പറഞ്ഞു.

ഉഡുപ്പിയിലെ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചതിനെ എതിര്‍ത്ത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കാവി ഷാള്‍ ധരിച്ചായിരുന്നു പ്രതിഷേധം. ഇവര്‍ കോളജില്‍ കാവി ഷാള്‍ ധരിച്ച് എത്തുകയും ചെയ്തു. തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജ് പ്രിന്‍സിപ്പല്‍ തടഞ്ഞു. പരീക്ഷ അടുത്തുവരവെ ക്ലാസില്‍ പ്രവേശിക്കുന്നത് തടയരുതെന്ന് പ്രിന്‍സിപ്പലോട് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ വാര്‍ത്തയായി. ഇതോടെയാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്.
കര്‍ണാടകത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹിജാബ് പ്രതിഷേധം നടന്നു. മുസ്ലിം സംഘടനകളും കോണ്‍ഗ്രസും സമരത്തിന് മുന്നിലുണ്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ സ്‌കൂളില്‍ തടയുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയും സമത്വത്തിന് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. യൂണിഫോമുമായി ബന്ധപ്പെട്ട ഉത്തരവ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഉഡുപ്പി പ്രി യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. ഹൈക്കോടതി തീരുമനമെടുക്കുന്നത് വരെ യൂണിഫോം ഉത്തരവ് കര്‍ശനമായും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും വിഷയം വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെ അംഗം ഡോ. എസ് സെന്തില്‍കുമാര്‍, കോണ്‍ഗ്രസ് അംഗം ശശി തരൂര്‍, എംഐഎം അംഗം ഇംതിയാസ് ജലീല്‍ എന്നിവരാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.












Click it and Unblock the Notifications