
എട്ടിന്റെ പണി കൊടുത്തത് വിമതർ; ഹിമാചലിൽ ഞെട്ടൽ മാറാതെ ബിജെപി
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെയ്ക്കുന്ന തരത്തിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കോൺഗ്രസും ബി ജെ പിയും ഹിമാചലിൽ കാഴ്ച വെച്ചത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ കോൺഗ്രസിനെ മറികടന്ന് വ്യക്തമായ ലീഡ് നേടാൻ ബി ജെ പിക്ക് സാധിച്ചു. ഇതോടെ ബി ജെ പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണ ചർച്ചകളും തുടങ്ങി.
എന്നാൽ ബി ജെ പിയുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടായിരുന്നു പിന്നീട് കോൺഗ്രസിന്റെ മുന്നേറ്റം. ഒടുവിൽ 68 സീറ്റിൽ 40 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം ഉറപ്പിച്ചു. ബി ജെ പിക്ക് ലഭിച്ചത് 25 സീറ്റുകളായിരുന്നു.സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരത്തോടൊപ്പം പാർട്ടിക്ക് പണികൊടുത്തത് വിമതർ കൂടിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ പല പ്രമുഖരേയും സിറ്റിംഗ് എം എൽ എമാരേയും ബി ജെ പി സംസ്ഥാനത്ത് മാറ്റി നിർത്തിയിരുന്നു. സീറ്റ് ലഭിക്കാതിരുന്നതോടെ നേതൃത്വത്തെ വെല്ലുവിളിച്ച് പലരും വിമത സ്ഥാനാർത്ഥികളുമായി . നേതൃത്വം നേരിട്ട് ഇടപെട്ടിട്ട് കൂടി നേതാക്കൾ വഴങ്ങിയിരുന്നില്ല. ഒടുവിൽ ബി ജെ പി ആശങ്കപ്പെട്ടത് പോലെ തന്നെ കോൺഗ്രസിന്റെ വിജയത്തിൽ വിമതർ നിർണായകമാകുകയും ചെയ്തു.
രേഖപ്പെടുത്തിയത് 33 ശതമാനം വോട്ടിങ് മാത്രം: രാംപൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് തോറ്റ എസ്പി

വിമതർ മത്സരം കടുപ്പിച്ചതോടെ പല മണ്ഡലങ്ങളിലും ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുന്നതായിരുന്നു സ്ഥിതി. ബി ജെ പി വിമതരായി മത്സരിച്ചവരിൽ മൂന്ന് പേർ വിജയിക്കുകയും ചെയ്തു. മുൻ എം എൽ എ ആയിരുന്ന കെ എൽ ഠാക്കൂറായിരുന്നു വിജയിച്ച ഒരാൾ. 2017 ൽ പരാജയപ്പെട്ട ഠാക്കൂറിന് ബി ജെ പി സീറ്റ് നൽകാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഒടുവിൽ 33,427 വോട്ട് നേടി ഠാക്കൂർ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. ഇവിടെ ബി ജെ പി സ്ഥാനാർത്ഥി നേടിയത് വെറും 17,273 വോട്ടുകളായിരുന്നു.
കോണ്‍ഗ്രസ് അധികാരം പിടിച്ചത് വെറും 37,974 വോട്ടുകളുടെ വ്യത്യാസത്തില്‍: 70 വർഷത്തിന് ശേഷം ആദ്യം

ദേഹ്രയിൽ മത്സരിച്ച ഹോഷ്യാർ സിംഗും വിജയിച്ചു. 22,997 വോട്ടുകളായിരുന്നു ഇവിടെ ഹോഷ്യാർ നേടിയത്. ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 16,730 വോട്ടുകളും. ബി ജെ പി കടുത്ത മത്സരം നേരിട്ട നേഹ്രയിൽ വിമതൻ പിടിച്ച വോട്ടുകൾ 7416 ആണ്. ഇവിടെ കോൺഗ്രസിന്റെ സുധീർ ശർമ്മയാണ് വിജയിച്ചത്. 27,323 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ ബി ജെ പി സ്ഥാനാർത്ഥി രാകേഷ് കുമാർ 24,038 വോട്ടുകൾ നേടിയിരുന്നു. ഇത്തരത്തിലാണ് 20 ഓളം വിമതർ ബി ജെ പി പ്രതീക്ഷകളെ തകിടം മറിച്ചത്.

അതേസമയം അധികാരം നേടിയതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ആലോചനകൾ പാർട്ടിയിൽ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ മൂന്ന് പേരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഹിമാചല്‍ പി സി സി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സുഖുവോ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, പി സി സി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിംഗ് എന്നിവർക്കാണ് സാധ്യത. തർക്കത്തിന് വഴിവെയ്ക്കാതെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ് ഹൈക്കമാന്റ് നീക്കം. 40 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും കോൺഗ്രസിലെ ചെറിയ തർക്കങ്ങൾ പോലും ആയുധമാക്കി എം എൽ എമാരെ ചാക്കിടാനുള്ള ശ്രമം ബി ജെ പി നടത്തുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഗുജറാത്തിലെ കനത്ത തിരിച്ചടിക്കിടെ കോൺഗ്രസിന് ഏറെ ആശ്വാസം നൽകിയ ഹിമാചലിൽ അത്തരമൊരു തിരിച്ചടി കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. അതിനാൽ കരുതലോടെയാകും ഇക്കാര്യത്തിൽ ഹൈക്കമാന്റ് അന്തിമ തീരുമാനം കൈക്കൊള്ളുക.
ഗുജറാത്തിലും ബിജെപിയെ തുണച്ച് ഒവൈസി; ന്യൂനപക്ഷ മേഖലയിൽ കോൺഗ്രസിന് പണികൊടുത്ത് ആപ്പും