'ഹിന്ദുവാണോ അല്ലയോ എന്ന് അറിയാത്തവരാണ് ഹിന്ദുവിനെ നിർവചിക്കുന്നത്';രാഹുൽ ഗാന്ധിയ്ക്കെതിരെ യോഗി
ദില്ലി; രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം സംശയാസ്പദമാണെന്നും അദ്ദേഹത്തിന്റെ മുത്തച്ഛൻ തന്നെ സ്വയം വിശേഷിപ്പിച്ചത് 'ആക്സിഡന്റല്‍ ഹിന്ദു' എന്നാണന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തരാഖണ്ഡിലെ കോട്ധ്വാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.
സ്വന്തം ഐഡന്റിറ്റി തന്നെ സംശയാസ്പദമായ വ്യക്തിയാണ് ഇപ്പോൾ ഹിന്ദു മതത്തെ കുറിച്ച് നിർവചനം നൽകാൻ വരുന്നത്. രാഹുൽ ഹിന്ദുമതത്തെ നിർവചിച്ചതിൽ തനിക്ക് അത്ഭുദം തോന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ സ്വയം വിശേഷിപ്പിച്ചത് താൻ ആക്സിഡന്റൽ ഹിന്ദു എന്നാണ്. പൂർവ്വികർ ഹിന്ദുക്കളായതിൽ അഭിമാനിക്കാത്ത ഒരാൾക്ക് അതിന്റെ നിർവചനം നമ്മോട് എങ്ങനെയാണ് പറയാൻ സാധിക്കുക?, യോഗി ആദിത്യനാഥ് ചോദിച്ചു.

ഹിന്ദുവിനെ അപമാനിക്കാൻ കോൺഗ്രസിൽ മത്സരം നടക്കുകയാണ്. ഹിന്ദുവാണോ അല്ലയോ എന്ന് അറിയാത്തവരാണ് ഇപ്പോൾ അതിന്റെ അർത്ഥം നിർവചിക്കുന്നത്. ഹിന്ദു എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിക്കൂവെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഹിന്ദു എന്നത് വർഗീയ പദമല്ല. 'ഹിന്ദു' നമ്മുടെ സാംസ്കാരിക സ്വത്വമാണ്. ദേവഭൂമിയിൽ 'ഹിന്ദു' എന്നതിന്റെ നിർവചനം ആർക്കെങ്കിലും അറിയില്ലെങ്കിൽ, ആ പാർട്ടിക്ക് അധികാരത്തിൽ വരാൻ അവകാശമില്ല, യോഗി പറഞ്ഞു. 1947ൽ കോൺഗ്രസിന് രാമക്ഷേത്രം നിർമ്മിക്കാമായിരുന്നുവെന്നും എന്നാൽ അത് ഒരിക്കലും അവരുടെ അജണ്ടയിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിൽ വിശ്വാസത്തെ അപമാനിക്കുന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കോൺഗ്രസ് പാർട്ടി. രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്ന ജോലിയാണ് അവർ എന്നും ചെയ്തിട്ടുള്ളത്.കോൺഗ്രസ് പാർട്ടി അവസാനിച്ചുവെന്നും ഇനി ശേഷിക്കുന്നത് രാഹുൽ ഗാന്ധിയും പ്രിയങ്കയും ചേർന്ന് നശിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് ഗാന്ധി കുടുംബത്തിലെ നാല് അംഗങ്ങളെ പാർലമെന്റിലേക്ക് അയച്ചു. എന്നാല്‍ കേരളത്തില്‍ എത്തുമ്പോള്‍ പ്രിയങ്കയും രാഹുലും ഉത്തര്‍പ്രദേശിനെ നിശിതമായി വിമര്‍ശിക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളത്. സംസ്ഥാനത്തെ ജനങ്ങളെ പുച്ഛത്തോടെയാണ് കാണുന്നത്. വിദേശത്ത് പോകുമ്പോൾ അവർ വിരൽ ഉയർത്തുന്നത് ഇന്ത്യക്ക് നേരെയാണ്. അവർ ഇന്ത്യയിലെ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, യോഗി കുറ്റപ്പെടുത്തി.
ഉത്തർപ്രദേശ് ഇന്ന് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്നും ഉത്തർപ്രദേശിനെപ്പോലെ ഉത്തരാഖണ്ഡും സുരക്ഷിതമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റവാളികളും ഗുണ്ടകളും ഉത്തരാഖണ്ഡിലേക്ക് കടക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ഉത്തരാഖണ്ഡിനെ യുപി പോലെ സുരക്ഷിതമാക്കണം. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ബി ജെ പി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
താൻ കോൺഗ്രസിന്റെ പ്രകടന പത്രിക കണ്ടതാണെന്നും അവർ ഉത്തരാഖണ്ഡിൽ മുസ്ലീം യൂനിവേഴ്സിറ്റി പണിയാൻ താത്പര്യ പെടുന്നുണ്ടെന്നും യോഗി ആരോപിച്ചു. ഉത്തരാഖണ്ഡ് സർക്കാർ എല്ലായ്‌പ്പോഴും വിനോദസഞ്ചാരത്തിനായി പ്രവർത്തിച്ചിട്ടുണ്ട്, ഈ സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും കാരണം വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് തെറ്റിയില്ലേങ്കിൽ ഇക്കുറി കോൺഗ്രസിനാണ് ഭരണം. എന്നാൽ പതിവ് തെറ്റിച്ച് തങ്ങൾക്ക് അധികാര തുടർച്ച ലഭിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ബി ജെ പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
ഉത്തരാഖണ്ഡിൽ ഇന്ന് പരസ്യ പ്രവചനം അവസാനിക്കും. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.












Click it and Unblock the Notifications